
ഇറാന്-അമേരിക്ക സമാധാന കരാറില്‍ പ്രധാനമായുമുള്ളത് 14 ധാരണകളെന്ന് സൗദി അറേബ്യന്‍ മാധ്യമമായ അല്‍ അറേബ്യ. ലെബനന് ഉള്‍പ്പെടെ എല്ലാ മേഖലകളിലുമുള്ള യുദ്ധം ഉടനടി സ്ഥിരമായി അവസാനിപ്പിക്കുമെന്നും ശത്രുതാപരമായ നടപടി സ്വീകരിക്കില്ലെന്നും ധാരണയായെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയും ഇറാനും പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല, ഇരു രാജ്യങ്ങളും പരമാവധി 60 ദിവസത്തിനുള്ളില്‍ ചര്‍ച്ച നടത്തി അന്തിമകരാറിലെത്തണം. പരസ്പര കരാറിലൂടെ തീയതി നീട്ടാമെന്നും ധാരണയായെന്നാണ് റിപ്പോര്‍ട്ട്.
ഇറാന് മേലുള്ള നാവിക ഉപരോധം പിന്‍വലിക്കണം, 30 ദിവസത്തിനുള്ളില്‍ ഗതാഗതം പുനസ്ഥാപിക്കണം, അന്തിമ കരാറിന് ശേഷം 30 ദിവസത്തിനുള്ളില്‍ പ്രദേശങ്ങളില്‍ നിന്നും സൈന്യത്തെ അമേരിക്ക പിന്‍വലിക്കണം, പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും ഒമാനിലേക്കും തിരിച്ചും വ്യാപാര കപ്പലുകളുടെ നീക്കം യുദ്ധത്തിന് മുമ്പുള്ള നിലയില്‍ പുനസ്ഥാപിക്കണം, അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് 300 ബില്യണ്‍ ഡോളര്‍ നല്‍കണം എന്നും ധാരണയായതായാണ് റിപ്പോര്‍ട്ട്. അന്തിമ കരാര്‍ ഉണ്ടാകുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്ന് അമേരിക്കയും ഇറാനും സമ്മതിക്കുന്നു, ഇറാന് തങ്ങളുടെ ആണവ പദ്ധതിയില്‍ നിലവിലുള്ള സ്ഥിതി തുടരും, കൂടാതെ അമേരിക്ക ഇറാനില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയോ മേഖലയില്‍ തങ്ങളുടെ ശക്തികളെ ശക്തിപ്പെടുത്തുകയോ ചെയ്യില്ല. ഉപരോധം പിന്‍വലിക്കുന്നതുവരെ ഇറാനിയന്‍ അസംസ്കൃത എണ്ണ, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, അവയുടെ ഡെറിവേറ്റീവുകള്‍ എന്നിവയുടെ കയറ്റുമതിക്കും ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഗതാഗതം തുടങ്ങിയ അനുബന്ധ സേവനങ്ങള്‍ക്കും യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് ഇളവുകള്‍ നല്‍കുമെന്ന് അമേരിക്ക ഉറപ്പുനല്‍കി. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടു കൊടുക്കും എന്നും ധാരണയായി. ഇറാന് ആണവായുധം ഉണ്ടാക്കില്ലെന്നും കരാറിലുണ്ട്.അതേസമയം സമാധാന കരാറിലെ ഉള്ളടക്കങ്ങള്‍ രണ്ട് ദിവസത്തിനകം പുറത്തുവിടുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഹോര്‍മൂസിലെ തടസ്സങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിയുമുണ്ടായി. നിരവധി ഇന്ത്യക്കാര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നും മേഖലയിലെ രാജ്യങ്ങള്‍ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിച്ചുവെന്നും മോദി പറഞ്ഞു. ആഗോള സമുദ്രപാതയില്‍ നാവികര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

