
തൃശൂര്‍ വടക്കാഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍. ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി. കണ്ടക്ടറോട് വിദ്യാര്‍ഥി കൈകൂപ്പി അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിരലിലെണ്ണാവുന്ന കുട്ടികള്‍ കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര്‍ തടയുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് പരാതി നല്കി എസ്എഫ്ഐ. മെജോ മോന് എന്നാണ് ബസിന്റെ പേര്. കുന്നംകുളം റൂട്ടില്‍ ഓടുന്ന ബസാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വടക്കാഞ്ചേരി നഗരത്തിലെ തന്നെ ഒരു സ്കൂളിലെ വിദ്യാര്‍ഥികളോടാണ് ഇത്തരമൊരു നടപടി.
ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു വാര്‍ത്തയും ചിത്രവുമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രതികരിച്ചു. ഇതിന് ഒരു അടിസ്ഥാനപരമായ കാരണമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ സ്വകാര്യ ബസ് ഉടമകളും ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരും പറയുന്ന പ്രധാനപ്പെട്ട ഒരു വാദം കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം വലിയ നഷ്ടത്തിലാണ് എന്നതാണ്. സ്വാഭാവികമായും അവരുടെ ജീവിത പ്രയാസത്തിന്റെ ഭാഗമായുള്ള കണ്സേണാണിത്. ഈ നഷ്ടമെങ്ങനെ കുറയ്ക്കാന്‍ കഴിയുമെന്നതാണ് ഇപ്പോള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധന. നിര്‍ഭാഗ്യവശാല്‍ ആ പരിശോധന എത്തി നില്‍ക്കുന്നത് പരമാവധി വിദ്യാര്‍ഥികളെ ബസില്‍ നിന്ന് ഒഴിവാക്കുക എന്നതിലാണ്. അത് കേരളത്തില്‍ നടപ്പാകുന്ന കാര്യമല്ല. ബസ് കണ്സെഷന് എന്നത് കേരളത്തിലെ വിദ്യാര്‍ഥികള്‍ സമരം ചെയ്ത് നേടിയെടുത്ത അവകാശമാണ്. ആരെങ്കിലും ദാനമായി വിദ്യാര്‍ഥികളുടെ കൈയിലേക്ക് വച്ചുകൊടുത്തതല്ല. യാത്രാവകാശ സമരങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ കേരളത്തിലെ വിദ്യാര്‍ഥി സമൂഹം നേടിയെടുത്ത അവകാശത്തെ ഒരു ശക്തിയേയും നമുക്ക് അനുവദിക്കാനാകില്ല. കേരളത്തിലെ ഗവണ്മെന്റ് ഈ വിഷയത്തെ കാണണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് – അദ്ദേഹം വ്യക്തമാക്കി.

