
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ, ഹോര്‍മുസ് കടലിടുക്കിലെ യുഎസ് നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാന് എണ്ണക്കപ്പലുകള്‍ പുറത്തേക്ക് കടന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ക്കായുള്ള പ്രാഥമിക ധാരണാപത്രത്തില്‍ ഒപ്പുവെക്കാനിരിക്കെയാണ് രണ്ട് മാസത്തിനിടയിലെ ഇറാന്റെ ആദ്യത്തെ ക്രൂഡ് ഓയില്‍ കയറ്റുമതി രേഖപ്പെടുത്തിയത്. രാജ്യാന്തര കപ്പല്‍ ഗതാഗത നിരീക്ഷണ വെബ്സൈറ്റായ ‘ടാങ്കര്‍ ട്രാക്കേഴ്സ്’ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഈ വിവരം പുറത്തുവിട്ടത്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ ഉടമ്പടിക്ക് മുന്നോടിയായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ബുര്‍ഗന്‍സ്റ്റോക്ക് മൗണ്ടന്‍ റിസോര്‍ട്ടില്‍ ആരംഭിക്കും. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നാഷണല്‍ ഇറാനിയന്‍ ടാങ്കര്‍ കമ്പനിയുടെ ‘ഡിയോണ’, ‘ഹീറോ 2’ എന്നീ രണ്ട് കപ്പലുകളാണ് ചൊവ്വാഴ്ച ഉപരോധരേഖ മറികടന്നതെന്ന് ടാങ്കര്‍ ട്രാക്കേഴ്സ് സ്ഥിരീകരിച്ചു. ഇവയില്‍ ആകെ 38 ലക്ഷം ബാരല്‍ ഇറാന് എണ്ണയുണ്ടെന്നാണ് വിവരം. ‘സ്ട്രീം’ എന്ന മറ്റൊരു കപ്പല്‍ ബുധനാഴ്ച ഇറാന് തുറമുഖ ലക്ഷ്യമാക്കി സഞ്ചരിക്കുന്നുണ്ട്. കൂടാതെ, 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമായി എന്‍ഐടിസിയുടെ തന്നെ ‘സാണിയ 1’ എന്ന കപ്പല്‍ ഒമാന്‍ ഉള്‍ക്കടലിലെ യുഎസ് ഉപരോധരേഖ ബുധനാഴ്ച മറികടന്നതായി ടാങ്കര്‍ ട്രാക്കേഴ്സ് വ്യക്തമാക്കി.

