
ബംഗാളിലെ പ്രതിപക്ഷ നേതാവിൻ്റെ നിയമനത്തിൽ തൃണമൂൽ കോൺഗ്രസ് മമത പക്ഷത്തിന് തിരിച്ചടി. സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ കൽക്കട്ട ഹൈക്കോടതി വിസമ്മതിച്ചു. അതിനിടെ ചെക്ക് ബുക്ക് ദുരുപയോഗം തടയാൻ TMC യുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ പാർട്ടി ട്രഷറർ അരൂപ് ബിശ്വാസ് കത്ത് നൽകിയതും പാർട്ടിയ്ക്ക് പ്രതിസന്ധിയായി.പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവായി തൃണമൂൽ കോൺഗ്രസ് വിമത പക്ഷത്തെ ഋതബ്രത ബാനർജിയെ അംഗീകരിച്ചുള്ള സ്പീക്കറുടെ നടപടിയെയാണ് മമത ബാനജി വിഭാഗം ചോദ്യം ചെയ്തത്. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന് മമത പക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഇരുപക്ഷത്തെയും വിശദമായി കേൾക്കുന്നതുവരെ നടപടി സ്റ്റേ ചെയ്യില്ലെന്ന് കൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. ഇരുപക്ഷത്തെയും കേൾക്കാനും വസ്തുതാന്വേഷണം നടത്താനും സ്പീക്കർ തയ്യാറായില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. അതിനിടെയാണ് അക്കൗണ്ട് മരവിപ്പിക്കാൻ തൃണമൂൽ ട്രഷറർ അരൂപ് ബിശ്വാസ് ബാങ്കിന് കത്ത് നൽകിയത്. വിമത നീക്കത്തെ തുടർന്ന് പാർട്ടിയുടെ നിയന്ത്രണത്തിൽ തർക്കം ഉണ്ടെന്ന് കത്തിൽ പറയുന്നു. 2000 കോടി നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടാൽ TMC സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയേക്കുമെന്നും ആശങ്കയുണ്ട്. അതിനാൽ മമതാ ബാനർജിയുടെ പിന്തുണയോടെയാണ് അരൂപ് ബിശ്വാസിന്റെ നടപടിയെന്നതിൽ വ്യക്തതയില്ല. ഇതിനിടെ ബിജെപി നേതാവിൻ്റെ മകനെ ഗുണ്ട എന്ന് വിളിച്ച കേസിൽ അഭിഷേക് ബാനർജിക് വീണ്ടും തിരിച്ചടിയുണ്ടായി. മധ്യപ്രദേശിൽ രജിസ്റ്റർ കേസിലെ അറസ്റ്റിനുള്ള സ്റ്റേ ഹൈക്കോടതി നീക്കം ചെയ്തു.

