
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യത്തെ വിജയമാണ് കഴിഞ്ഞ ദുവസം ഈജിപ്ത് സ്വന്തമാക്കിയത്. ഞായറാഴ്ച ബിസി പ്ലേസില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 3-1ന് തോല്‍പ്പിച്ചാണ് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ ടീം തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ കന്നി വിജയം കുറിച്ചത്. 1934, 1990, 2018 വര്‍ഷങ്ങളില്‍ ലോകകപ്പില്‍ പങ്കെടുത്തുവെങ്കിലും ഒരിക്കല്‍ പോലും വിജയിക്കാന്‍ ഈജിപ്തിന് സാധിച്ചിരുന്നില്ല. ആ ദീര്‍ഘകാല കാത്തിരിപ്പിനാണ് ഈജിപ്ത് അവസാനമിട്ടത്.ആദ്യ പകുതിയില്‍ ഫിന് സര്‍മാനിലൂടെ ന്യൂസിലാന്‍ഡ് മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ഈജിപ്ത് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചു. 58-ാം മിനിറ്റില്‍ മൊസ്തഫ സിക്കോയിലൂടെ സമനില പിടിച്ച ഈജിപ്ത്, 67-ാം മിനിറ്റില്‍ മുഹമ്മദ് സലായുടെ ഗോളിലൂടെ ലീഡ് നേടി. 81-ാം മിനിറ്റില്‍ മഹ്മൂദ് ട്രെസെഗുവേ നേടിയ ഗോളോടെ വിജയം ഉറപ്പിച്ചു.
ആദ്യ പകുതിയില്‍ 1-0ന് പിന്നിട്ടുനിന്ന ടീമിന് പരിശീലകന് ഹൊസാം ഹസന് നല്കിയ നിര്‍ദ്ദേശങ്ങളാണ് വിജയത്തിലേക്ക് വഴിതെളിച്ചത്. ”ജയിക്കണമെന്ന നിശ്ചയദാര്ഢ്യത്തോടെയല്ലാതെ മൈതാനത്തേക്ക് ഇറങ്ങേണ്ടതില്ല എന്ന് ഞാന്‍ കളിക്കാരോട് പറഞ്ഞു. ആരാധകരുടെ പിന്തുണയില്‍ നിന്ന് ആത്മവിശ്വാസം ഉള്‍ക്കൊള്ളാനും, ഈ തലമുറ സ്വന്തം ഭാവി കെട്ടിപ്പടുക്കാനും ഞാന്‍ അവരോട് ആവശ്യപ്പെട്ടു.” മത്സരശേഷം ഹസന് മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രൂപ്പ് ജി പോയിന്റ് നില
ഈ വിജയത്തോടെ ഈജിപ്ത് ഗ്രൂപ്പ് ജി-യില്‍ നാല് പോയിന്റുമായി ഒന്നാമതെത്തി. ബെല്‍ജിയത്തിനെതിരായ ആദ്യ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞ ഈജിപ്ത്, തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇറാനെ നേരിടും. ഞായറാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ ഇറാനും ബെല്‍ജിയവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

