
എഐഎസ്എഫ് നടത്തിയ നിയമസഭാ മാർച്ചിന് നേരെ ഉപയോഗിച്ച ജലപീരങ്കിയിലെ വെള്ളവുമായി പ്രതിപക്ഷ നേതാവ് നിയമസഭയിൽ. അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകാൻ സാധ്യതയുള്ള ജലമാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുപ്പിയിലായിരുന്നു അദ്ദേഹം വെള്ളം സഭയിൽ എത്തിച്ചത്.ഉദ്ഘാടനം കഴിഞ്ഞ് ഞാൻ അവിടെ നിൽക്കുമ്പോഴാണ് മൂന്നാമത്തെ ജലപീരങ്കി പ്രയോഗിച്ചതെന്ന് കെ.രാജനും പറഞ്ഞു. വെടിവെച്ചാൽ പോലും പേടിക്കുന്നവരല്ല തങ്ങളെന്നും ജലപീരങ്കി അടിച്ചപ്പോൾ പെൺകുട്ടികളുടെ വസ്ത്രത്തിന്റെ അടക്കം നിറം മാറിയെന്നും അദ്ദേഹം പറഞ്ഞു. ജലപീരങ്കിയിൽ നനഞ്ഞു കുളിച്ച വസ്ത്രത്തിലായിരുന്നു കെ രാജൻ സഭയിലെത്തിയത്.പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് ഗൗരവമായ കാര്യമെന്ന് സ്പീക്കറും അഭിപ്രായപ്പെട്ടു. പരിശോധന ഫലം വരട്ടെയെന്നും അതിനുശേഷം ബാക്കി കാര്യങ്ങൾ പറയാമെന്ന് സ്പീക്കർ അറിയിച്ചു. അതേസമയം, വാട്ടർ അതോറിറ്റി നിന്നുള്ള വെള്ളമാണ് ജല പീരങ്കിയിൽ ഉപയോഗിച്ചതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പഴയ വെള്ളമാകാം, ഇതേകുറിച്ച് പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലാബ് പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

