
മൈക്രോഫിനാൻസ് കോർഡിനേറ്ററായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ എസ്ഐടി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരൻ. കെ കെ മഹേശനെ അധിക്ഷേപിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ സമീപനം നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നും വി എം സുധീരൻ.മഹേശനെതിരെ വെള്ളാപ്പള്ളി ഇപ്പോഴും അധിക്ഷേപങ്ങൾ തുടരുന്നു. ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. നിയമവാഴ്ച ഉറപ്പുവരുത്താൻ ഭരണസംവിധാനം ഉണർന്ന് പ്രവർത്തിക്കാൻ ഇനിയും വൈകരുതെന്ന് കത്തിൽ വി എം സുധീരൻ ആവശ്യപ്പെട്ടു.മഹേശനെ ആത്മഹത്യയിലേയ്ക്ക് എത്തിച്ചതിന്റെ കാരണക്കാരായവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനുവേണ്ടി സംസ്ഥാന ഭരണാധികാരികൾക്കു മുന്നിൽ നിരവധി പരാതികൾ നൽകിയിട്ടും ഇതേവരെ ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. വെള്ളാപ്പള്ളി പ്രീണനവുമായി മുന്നോട്ടുപോയ പിണറായി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്ക്രിയമായ സമീപനം ഈ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നാണ് മഹേശന്റെ കുടുംബം വിശ്വസിക്കുന്നതെന്നും വിഎം സുധീരൻ പറയുന്നു.
ഹതഭാഗ്യനായ മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങൾ ഇപ്പോഴും വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിയമവാഴ്ച ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കാൻ ഇനിയും വൈകരുതെന്നും ഉഷാദേവിയുടെ സങ്കടഹർജിയിൽ എത്രയും വേഗത്തിൽത്തന്നെ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.

