വെനസ്വേലയിലെ ഇരട്ട ഭൂചലനം: മരണം 32 ആയി, 700ല്‍ അധികം പേര്‍ക്ക് പരിക്ക്

വെനസ്വേലയില്‍ ഉണ്ടായ ഇരട്ട ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 32 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ കൂടിയേക്കാം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായി ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും അവര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മരണസംഖ്യ ആയിരത്തോളമാകാന് സാധ്യതയുണ്ടെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. ദുരന്തബാധിത പ്രദേശങ്ങളിലെ മെട്രോ അടക്കമുള്ള സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ടാണ് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പടെ വന്‍ നാശനഷ്ടമാണുണ്ടായത്. നിരവധി കെട്ടടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം ഉള്‍പ്പെടെയാണ് ഇപ്പോള്‍ നടക്കുന്നത്.യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യത്തെ ഭൂചലനത്തിന് 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം വൈകീട്ട് ആറ് മണിയോടെയായിരുന്നു ആദ്യ ഭൂചലനമുണ്ടായത്. മെറൊണിന് സമീപം മോണ്ടാല്‍ബണിനടുത്തായിരുന്നു പ്രഭവ കേന്ദ്രം. ഏകദേശം 13 കിലോമീറ്ററോളം ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സെക്കന്റുകള്‍ക്ക് ശേഷമായിരുന്നു 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം. മൊറേണിന് ഏകദേശം 16 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മേഖലയാണ് രണ്ടാം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെനസ്വേലയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അയല്‍രാജ്യമായ കൊളംബിയയിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.തുടര്‍ച്ചയായുണ്ടായ ഭൂകമ്പങ്ങള്‍ കാരക്കാസില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ട്. വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പ്രതികരിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ജനങ്ങളോട് സുരക്ഷിത സ്ഥാനത്ത് തുടരാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

