
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. സംഘർഷത്തെ തുടർന്ന് മേയര്‍ വി വി രാജേഷിനെയും ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാനാഥിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിൽ തുടരുകയാണ്. ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പത്തൊമ്പത് ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിനെ തുടർന്നായിരുന്നു എൽഡിഎഫ് മേയറുടെ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തിയത്. മേയറെ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെയായിരുന്നു എൽഡിഎഫിൻ്റെ പ്രതിഷേധം. സംഘർഷത്തെ തുടർന്ന് വനിതാ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.മേയർ അടക്കം 14 പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുന്നത്. കൂടാതെ കാട്ടായിക്കോണം വാർഡ് കൗണ്‍സിലര്‍ സിന്ധുവിൻ്റെ തല്ക്ക് പരിക്കേറ്റ് നാല് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. കാലിന് പരിക്കുണ്ടെന്നും എക്സറെ എടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നുമാണ് മേയർ വി വി രാജേഷ് പറയുന്നത്. ആറ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കുകള്‍ ഉണ്ടെന്നാണ് എല്‍ഡിഎഫ് പറയുന്നത്. ആറ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കുണ്ടെന്ന് ബിജെപിയും പറയുന്നു.
എൽഡിഎഫ് പ്രതിഷേധത്തിനെതിരെ മേയർ വി വി രാജേഷ് രംഗത്ത് വന്നിരുന്നു. ‘ഗുണ്ടായിസം നടക്കില്ലെന്നും അത് അവസാനിപ്പിക്കും. മേയര്‍ക്ക് ഓഫീസില്‍ കയറാന്‍ കഴിയില്ലെന്നും സാധാരണക്കാര്‍ക്ക് കയറാന്‍ കഴിയില്ലെന്നും പറയുന്നത് ജനവിരുദ്ധമാണെന്നും ബലം പ്രയോഗിച്ചുള്ള സമരം നിയമവിരുദ്ധമാണെന്നുമായിരുന്നു വി വി രാജേഷിൻ്റെ പ്രതികരണം. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഇത്രയും കൗണ്‍സിലര്‍മാര്‍ മേയറെ ആക്രമിച്ചതെന്ന് ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാനാഥ് പ്രതികരിച്ചത്. എന്നാല്‍ പ്രതിഷേധ സമരവുമായി മുന്നോട്ടുപോകുമെന്നായിരുന്നു എൽഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതികരണം.

