
പാസ്പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന വിദേശകാര്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഏത് രേഖയാണ് പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. എക്സിലായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. ‘ഏത് രേഖയാണ് പിന്നെ പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കുക? ബിഎല്‍ഒയ്ക്ക് എന്റെ പൗരത്വത്തില്‍ സംശയം തോന്നാം. എന്റെ വോട്ട് നിഷേധിക്കാം. ഫലമോ, തെരഞ്ഞെടുപ്പിലെ ബിജെപി വിജയം’, കപില്‍ സിബല്‍ പറഞ്ഞു. സുപ്രീം കോടതിയിലേക്ക് പോകുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.
വിഷയത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലേയും രംഗത്തെത്തി. ‘നിങ്ങള്‍ ഇന്ത്യന്‍ പൗരരാണെന്ന് തെളിയിക്കാന്‍ ഒരു രേഖ പോലുമില്ല. അതുകൊണ്ട് നിങ്ങളുടെ പൗരത്വം തെളിയിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പട്ടാല്‍ നിങ്ങള്‍ക്ക് അതിന് സാധിക്കില്ല. മോദിയും ഷായും അവരുടെ കളിപ്പാവയായ ഗ്യാനേഷ് കുമാറും ഇന്ത്യ ഒട്ടാകെ എസ്ഐആര്‍ നടപ്പാക്കി. നിങ്ങള്‍ നിങ്ങളുടെ പൗരത്വം തെളിയിക്കാന്‍ പറഞ്ഞാല്‍ ഏത് രേഖയാണ് നിങ്ങള്‍ ഹാജരാക്കുക. നിങ്ങളുടെ വോട്ട് ഇല്ലാതാകും. നിങ്ങളുടെ പൗരത്വം സംശയത്തിലാകും’, അദ്ദേഹം പറഞ്ഞു.

