
അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേടില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി. അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചമ്പത്ത് റായിയെ ഇന്നലെ വൈകിട്ട് എസ്ഐടി ചോദ്യം ചെയ്തത്. അയോധ്യ രാമക്ഷേത്ര കോംപ്ലക്സിലായിരുന്നു ചോദ്യം ചെയ്യല്‍. ആറ് മണിക്കൂര്‍ വിശദമായി ചോദ്യം ചെയ്തെന്നാണ് വിവരം.
നേരത്തെ കേസില്‍ എട്ട് പേര് അറസ്റ്റിലായിരുന്നു. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചമ്പത്ത് റായിയെ ചോദ്യം ചെയ്തത്. പ്രധാനപ്പെട്ട വിവരങ്ങള്‍ എസ്ഐടിക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ അറസ്റ്റ് അടക്കം ഉണ്ടായേക്കുമെന്നാണ് സൂചന. താല്‍ക്കാലിക ജീവനക്കാരായി 125 പേരെ നിയമിച്ചത് അനില്‍ മിശ്രയാണെന്നാണ് എസ്ഐടി കണ്ടെത്തല്‍. വിവിധയിടങ്ങളില്‍ ഇയാള്‍ക്ക് ധാരാളം സ്വത്തുക്കളുണ്ടെന്നും കണ്ടെത്തിയിരുന്നു. അനില്‍ മിശ്ര, ചമ്പത്ത് റായി, ഗോപാല്‍ റാവു എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം. ചമ്പത്ത് റായിയുടെ ഡ്രൈവര്‍ ടിന്റു യാദവ് നടത്തിയ ഇടപാടുകളും പണം സൂക്ഷിച്ച മുറിയുടെ താക്കോല്‍ ഇയാളില്‍ നിന്ന് ലഭിച്ചതും വലിയ വീഴ്ചയാണെന്ന് ഇതിനോടകം കണ്ടെത്തിയിരുന്നു. ഇതില്‍ ചമ്പത്ത് റായിക്ക് പങ്കുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.അതേസമയം ചമ്പത്ത് റായ്, ട്രസ്റ്റ് അംഗം അനില്‍ മിശ്ര എന്നിവര്‍ക്ക് ക്ഷേത്ര ട്രസ്റ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് മറുപടി എഴുതി നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇവര്‍ക്കും മറ്റ് ട്രസ്റ്റ് ഭാരവാഹികള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അയോധ്യ ബാര്‍ അസോസിയേഷനും നേരത്തെ പരാതി നില്‍കിയിരുന്നു. എസ്ബിഐ അയോധ്യ ബ്രാഞ്ച് ചീഫ് മാനേജര്‍ എ രഘുറാം സാഗറിനെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു. ട്രസ്റ്റ് അംഗം അനില്‍ മിശ്രയുടെ ഫൈസാബാദിലെ വീട്ടിലായിരുന്നു ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ബാങ്കിന്റെയും ക്ഷേത്ര ട്രസ്റ്റിന്റെയും ഇടയിലുള്ള ആശയവിനിമയങ്ങളും ഡിജിറ്റല്‍ ബാങ്കിംങും കൈകാര്യം ചെയ്തിരുന്നത് രഘുറാമാണെന്നായിരുന്നു എസ്ഐടി കണ്ടെത്തല്‍. എസ്ബിഐ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് രാമക്ഷേത്ര ദര്‍ശനത്തിനായി വിഐപി പാസുകള്‍ സംഘടിപ്പിക്കുന്ന ചുമതലയും ഇയാള്‍ക്ക് ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
രാമ ക്ഷേത്രത്തില്‍ നിന്ന് പ്രതികള്‍ പണക്കെട്ടുകള്‍ നീക്കം ചെയ്യുകയും ഒളിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. സംഭാവന പണം എണ്ണാന്‍ നിയോഗിച്ച ജീവനക്കാരില്‍ അഞ്ച് പേരാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇവര്‍ നോട്ടുകെട്ടുകള്‍ വസ്ത്രങ്ങളിലും സോക്സിലും ഒളിപ്പിച്ചു കടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് എസ്ഐടി ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

