
കോഴിക്കോട് റൂറൽ പോലീസ് പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ സംഘടിപ്പിച്ചു.
കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരമാണ് കോഴിക്കോട് റൂറൽ ജില്ലയിൽ പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും വിവിധ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓപ്പറേഷന്റെ ഭാഗമായി ജില്ലയിലെ 15 ബോർഡർ സീലിംഗ് പോയിന്റുകളിൽ ശക്തമായ പരിശോധന നടത്തി. 76 അന്തർസംസ്ഥാന വാഹനങ്ങളും ആകെ 1,059 വാഹനങ്ങളും പരിശോധിച്ചു. സുരക്ഷാ പരിശോധനകൾക്കായി 43 മൊബൈൽ പട്രോൾ ടീമുകളെ വിന്യസിച്ചു.
പരിശോധനയുടെ ഭാഗമായി 64 ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവയിലും 37 ബസ് സ്റ്റാൻഡുകളുടെയും റെയിൽവേ സ്റ്റേഷനുകളുടെയും പരിസരങ്ങളിലും ശക്തമായ പരിശോധന നടത്തി. 12 കാപ്പ (KAAPA) പ്രതികളെയും 35 കെ.ഡി./ഡി.സി./മുൻ കുറ്റവാളികളെയും പരിശോധിക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂടാതെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 65 വ്യക്തികളെ ചോദ്യം ചെയ്യുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓപ്പറേഷനിടെ കോടതി വാറന്റ് പുറപ്പെടുവിച്ച 28 പ്രതികളെ അറസ്റ്റ് ചെയ്തു.
നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി മദ്യപിച്ച് വാഹനമോടിച്ച 31 കേസുകളും എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള 22 കേസുകളും മറ്റ് പ്രത്യേക-പ്രാദേശിക നിയമങ്ങളിലെ കേസുകളും പോലീസ് സ്വമേധയാ (Suo Motu) രജിസ്റ്റർ ചെയ്ത കേസുകളും ഉൾപ്പെടെ ആകെ 263 കേസുകളാണ് കോഴിക്കോട് റൂറൽ ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തത്.
ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇത്തരത്തിലുള്ള പ്രത്യേക പരിശോധനകളും കോമ്പിംഗ് ഓപ്പറേഷനുകളും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ തുടർന്നും ശക്തമായി നടത്തും.

