
പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വീണ്ടും പി എസ് സി ആസ്ഥാനത്ത് എത്തി. പരീക്ഷയുടെ മൂല്യ നിർണയം സംബന്ധിച്ച് ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിന്റെ ഡെമോ എസ് ഐ ടി പരിശോധിക്കും .പരിശോധനയ്ക്ക് എത്തുമെന്ന് കഴിഞ്ഞദിവസം കത്ത് മുഖേന പ്രത്യേക അന്വേഷണ സംഘം പിഎസ്സിയെ അറിയിച്ചിരുന്നു.ഡി വൈ എസ് പി അജയ് നാഥും സംഘവുമാണ് പി എസ് സി ആസ്ഥാനത്ത് എത്തിയത്. പരീക്ഷയുടെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് വിട്ടു നൽകാൻ ആകില്ല എന്ന് അറിയിച്ച രേഖകളും പരിശോധിക്കപ്പെടും.
അതേസമയം, ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാക്രമക്കേടിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പി എസ് സി യുടെ നിർണായക യോഗം ആരംഭിച്ചു. വിജിലൻസും ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം യോഗത്തിൽ ചർച്ചയായി. വിവാദ പരീക്ഷയുടെ വിവരങ്ങൾ ഏഴ് ദിവസത്തിനകം ഉദ്യോഗാർത്ഥികൾക്ക് നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ ഉടൻ സമീപിക്കും.

