
രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിടാക്കിയ സംഭവം മോട്ടോർ വാഹന വകുപ്പിനുള്ളിലെ സംഘടനകൾ പ്രതിഷേധത്തിൽ. നടപടി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ. നടപടിയിൽ വീഴ്ചയില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സിച്ച് നാഗരാജുവിന്റെ നിലപാട്. ഇന്നലെയാണ് സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ പരാതിയെത്തുടർന്ന് അടൂർ എം വി ഡി സ്ക്വാഡ് ഉദ്യോഗസ്ഥൻ ലൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടയിൽ അല്ല, അടൂരിൽ വച്ചാണ് പിഴ ചുമത്തിയത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിനുള്ളിലെ സംഘടനകൾ ഉദ്യോഗസ്ഥനെതിരായ നടപടിയിൽപരിശോധന നടത്തിയത് മാനദണ്ഡം പാലിച്ചെന്നാണ് വിശദീകരണം. പതിവ് പരിശോധന ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും അടൂരിൽ പിഴ ഈടാക്കിയത് അനധികൃത ഫിറ്റിംഗ്സിന്റെ പേരിലാണെന്നുമാണ് സംഘടനകളുടെ വാദം. കൂടാതെ സസ്പെൻഷൻ നടപടി ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർ വാദിക്കുന്നു. ഉദ്യോഗസ്ഥനെതിരായ നടപടിയിൽ വീഴ്ചയില്ലെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നത്. കൂടാതെ ഉദ്യോഗസ്ഥർ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കണമായിരുന്നുവെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ സി എസ് നാഗരാജു പറയുന്നു.

