
കേരള സര്‍വകലാശാലയ്ക്ക് കീഴിലെ തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവുകളെന്ന് വിദ്യാര്‍ഥികള്‍. ബിഎ എല്‍എല്‍ബി ഒന്നാം സെമസ്റ്ററില്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച 231 പേരില്‍ 180 പേരുടെയും മാര്‍ക്ക് കൂടി. പുനര്‍മൂല്യനിര്‍ണയത്തിന് മുമ്പേ സപ്ലിമെന്ററി പരീക്ഷ നടത്തുന്നതിന് എതിരെയും പരാതിയുണ്ട്. കേരള സര്‍വകലാശാലയില്‍ ഉത്തര പേപ്പറുകള്‍ കാണാതാകുന്നുവെന്ന വാര്‍ത്ത ട്വന്റിഫോര്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുനര്‍മൂല്യനിര്‍ണയത്തിലൂടെ 63 വിദ്യാര്‍ഥികള്‍ക്കാണ് പത്തിലധികം മാര്‍ക്ക് വര്‍ധിച്ചത്. ആദ്യ ഫലം വന്നപ്പോള്‍ തോറ്റുപോയ 49 പേര് പുനര്‍മൂല്യനിര്‍ണയത്തിലൂടെ വിജയിച്ചു. എന്തുകൊണ്ട് ആദ്യ ഫല പ്രസിദ്ധീകരണത്തില്‍ ഈ മാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. പുനര്‍മൂല്യനിര്‍ണയത്തിനായി നല്കേണ്ടിവരുന്ന അധിക ഫീസിലൂടെയും ചൂഷണം നടക്കുന്നുവെന്നാണ് ആരോപണം. ഒരു പേപ്പറിന്റെ പുനര്‍മൂല്യനിര്‍ണയത്തിനായി യൂണിവേഴ്സിറ്റി ഈടാക്കുന്നത് 790 രൂപയാണ്. പുനര്‍മൂല്യനിര്‍ണയ ഫലത്തിന് മുന്‍പ് സപ്ലി പരീക്ഷ നടത്തുന്നതിലൂടെയും അധിക വരുമാനം നേടുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഫലം വരാനുള്ള കാലതാമസം സപ്ലി പരീക്ഷ എഴുതിക്കാനും നിര്‍ബന്ധിതരാക്കുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

സപ്ലി എഴുതിയ 43 വിദ്യാര്‍ഥികള്‍ റീവാല്യേഷനിലൂടെ വിജയിച്ചു എന്നാണ് കണക്കുകള്‍. എല്ലാ സെമസ്റ്ററിലും സമാനമായ സാഹചര്യമെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.വിഷയം അടുത്ത സിന്‍ഡിക്കേറ്റ് പരിഗണിക്കും. ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. ഈ മാസം 13നാണ് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേരുക. പ്രത്യേക അജണ്ടയായി വിഷയം പരിഗണിക്കാനാണ് നീക്കം.വിഷയത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എസ്എഫ്ഐ. ഇന്ന് കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ സുതാര്യത ഉറപ്പാക്കുക, പുനര്‍മൂല്യനിര്‍ണയത്തിനുള്ള ഉയര്‍ന്ന ഫീസ് കുറയ്ക്കുക, റീവാലുവേഷന് മുന്‍പ് സപ്ലിമെന്ററി റിസള്‍ട്ട് പ്രസിദ്ധീകരിക്കുക, വിദ്യാര്‍ഥികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

