
ചോറോട് ഈസ്റ്റ് : ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത പാവപ്പെട്ട കിടപ്പു രോഗികൾക്ക് ഓണക്കോടിയും ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റും നൽകി.സ്റ്റാർ ഇന്ത്യ സ്റ്റാറ്റർജിക് അഡ്വൈസർ കെ.മാധവന്റെ പിതാവ് ശങ്കരൻ നമ്പ്യാരുടെ സ്മരണക്കായി രൂപീകരിച്ച ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റിന്റെ വകയായിരുന്നു ഓണക്കോടിയും കിറ്റുകളും നൽകിയത്. നിർധനരായ തിരഞ്ഞെടുക്കപ്പെട്ട കിടപ്പു രോഗികൾക്ക് കിറ്റ് നൽകുന്നതിനായി ഒരു ലക്ഷം രൂപയാണ് ട്രസ്റ്റ് അനുവദിച്ചത്. എട്ടു വർഷത്തോളമായി എല്ലാ ഓണക്കാലത്തും പാവപ്പെട്ട രോഗികൾക്ക് ട്രസ്റ്റ് വക ഓണക്കോടിയും കിറ്റും നൽകിവരുന്നു.ട്രസ്റ്റ് നടത്തിവരുന്ന നിരവധി ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പ്രവർത്തനവും.

18 വയസ്സ് മുതൽ 40 വയസ്സു വരെയുള്ള ആളുകൾക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്താൻ ട്രസ്റ്റ് സന്നദ്ധമാണെന്ന് സെക്രട്ടറി അറിയിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങ് ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു. ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി പിസി ബാലറാം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി അജിത വിനോദ്,ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനുശ്രീ സി വി,വാർഡ് മെമ്പർ കെ എം അഷ്കർ മാസ്റ്റർ,ട്രസ്റ്റ് അംഗങ്ങളായ ഡോക്ടർ ശശീന്ദ്രൻ ടി,വിവേക് വി,എന്നിവർ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജുനേഷ് എസ് എൻ സ്വാഗതവും പാലിയേറ്റീവ് നഴ്സ്സ് സജിന കെ വി നന്ദിയും പറഞ്ഞു

