
തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടറിന്. കേസിലെ മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി ആണെന്നാണ് വിവരം. മലപ്പുറം സ്വദേശിയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്നാണ് അറസ്റ്റിലായ ശ്രീഹരിയുടെ മൊഴി. ഒളിവില്‍ പോയ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഘത്തില്‍ അഞ്ചിലധികം പേര് ഉണ്ടെന്നാണ് വിവരം. കോളേജിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്തല്‍.
ഇവര്‍ മാത്രം അംഗങ്ങളായ ഗ്രൂപ്പില്‍ മോര്‍ഫ് ചെയ്ത നിരവധി ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകും എന്നാണ് വിവരം. ഫോട്ടോ പ്രചരിപ്പിച്ചത് പതിനായിരത്തോളം പേര് അംഗങ്ങളായ ടെലഗ്രാം ഗ്രൂപ്പില്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പില്‍ മറ്റ് കോളേജുകളിലെ വിദ്യാര്‍ത്ഥികളും അംഗങ്ങളാണ്. അതിനാല്‍ തന്നെ മറ്റു കോളേജ് വിദ്യാര്‍ഥികളിലേക്കും അന്വേഷണം നീളും എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ശ്രീഹരിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെയും മൊബൈല്‍ ഫോണുകള്‍ വിശദമായി പരിശോധിക്കും എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.സംഭവത്തെ അതീവ ഗുരുതരം ആയാണ് കാണുന്നതെന്ന് വനിതാ ശിശു സംരക്ഷണ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. സര്‍ക്കാര്‍ വിഷയം ഗൗരവത്തിലെടുക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്കാണ് പ്രധാന പരിഗണന എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യക പദ്ധതികള്‍ അടുത്തമാസം ആവിഷ്കരിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
ഇന്നലെയാണ് ശ്രീഹരിയെ തൃക്കാകര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരത് മാതാ കോളേജിലെ കെഎസ്യു മീഡിയ കമ്മിറ്റി അംഗമായിരുന്ന ശ്രീഹരിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി കെഎസ്യു അറിയിച്ചിരുന്നു. പ്രതിയായ വിദ്യാര്‍ത്ഥിയെ ഒന്നാം തീയതി തന്നെ പുറത്താക്കിയിരുന്നുവെന്നും പരീക്ഷ എഴുതിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭാരത് മാതാ കോളേജ് പ്രിന്‍സിപ്പല്‍ സൗമ്യ പ്രതികരിച്ചിരുന്നു.

