
മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട് വിവരങ്ങൾ പുറത്ത്. 25 കോടി 78 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നെന്നാണ് റിപ്പോർട്ട്. സ്പോൺസറിൽ നിന്ന് നികുതി ഈടാക്കാതിരുന്നതിൽ ഗുരുതര വീഴ്ചയെന്നും നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഉന്നതങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജിഎസ്ടി ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണർ വരെ ഇടപെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
വീഴ്ച ഉണ്ടായിട്ടും ജിഎസ്ടി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ സംശയകരമായ മൗനം പാലിച്ചു. നികുതി ഉടൻ ഈടാക്കണമെന്നും എസ്ഐടി വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം മറ്റൊരു യൂണിറ്റിലേക്ക് അടിയന്തരമായി മാറ്റണമെന്നും ആവശ്യം. ബാഹ്യ സമ്മർദങ്ങൾ ഉണ്ടായോ എന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ട്. റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിൽ വന്ന പണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ശുപാർശ. രണ്ട് ധനകാര്യ സ്ഥാപനങ്ങൾ പണം നൽകിയതിൽ സംശയമുണ്ടെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജിഎസ്ടി കാണിച്ചതിൽ പൊരുത്തക്കേടുകളെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അതിനിടെ തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചു. എസ്ഐടിയിൽ പതിനഞ്ച് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടുകൾ സംഘത്തിന് കൈമാറി. കൂടുതൽ റിപ്പോർട്ടുകളും രേഖകളും ഉടൻ കൈമാറും.

