വേണം തദ്ദേശസ്വയഭരണ സ്ഥാപനങ്ങളില്‍
ജാഗ്രത

തെരുവ് നായകളുടെ വര്‍ദ്ധനവും അത് കാരണമുണ്ടാവുന്ന അക്രമവും സാമ്പത്തിക ബാധ്യതകളും കൂടിവരികയാണ് . ഇതിന് പരിഹാരമായി സര്‍ക്കാര്‍ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് ,വാക്സിനേഷന് പോലുളള പദ്ധതികള്‍ ആസൂത്രണം ചെയ്തുവെങ്കിലും എത്രമാത്രം ഫലവത്താണ് എന്ന പരിശോധന നടത്താന്‍ സമയം ഏറ വൈകി .തെരുവ് നായ്ക്കളില്‍ ഏറെയും വളര്‍ത്തു നായകളെ പടികടത്തുന്നത് കാരണം പെരുകുന്നതാണ്. വളര്‍ത്തു നായയുടെ കണക്കെടുപ്പോ , വാക്സിനേഷന് ,റജിസ്ട്രേഷന് പോലുളള കാര്യങ്ങളോ ഫലവത്തല്ല .തെരുവ് നായ ശല്യം പ്രതിരോധിക്കുന്നതിനേക്കാള്‍ വലിയ തുക അക്രമത്തിന് ഇരയായ കുടുംബവും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളും ചിലവഴിക്കുന്നു എന്നത് വിരോധാഭാസമാണ് .

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ പഞ്ചായത്ത് 2014ല്‍ തെരുവ് നായ കടിയേറ്റ അമൃതപ്രിയക്ക് 52000രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു. 12വര്‍ഷം നടന്ന നിയമപോരാട്ടത്തിന് ശേഷമാണ് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി നഷ്ടപരിഹാരം വിധിച്ചത് . പേ വിഷബാധ തടയുന്നതിന് മൃഗസംരക്ഷണ വകുപ്പ് തെരുവ് നായകള്‍ക്ക് ആന്റീ റേബീസ് വാക്സിന് പദ്ധതി നടത്തുന്നുണ്ട് .വടകര ബ്ളോക്ക് പഞ്ചായത്ത് തലത്തില്‍ നാല് പഞ്ചായത്തില്‍ നടത്തിയ വാക്സിനേഷന് സ്ഥിതിവിവര കണക്ക് ( പഞ്ചായത്ത് , ആകെ തെരുവ് നായകളുടെ എണ്ണം , വാക്സിനേഷന് നടത്തിയത് ബ്രാക്കറ്റില്‍ ) അഴിയൂര്‍ 246 (148 ) , ഒഞ്ചിയം 80 (69 ) , ഏറാമല 150 (120 ) ,ചോറോട് 235 (148 )ഇങ്ങിനെയാണ് . തെരുവ് നായകള്‍ക്ക് വെറ്ററിനറി വാക്സിന് ആണ് നല്‍കുന്നത് .നായ കടിയേറ്റ മനുഷ്യര്‍ക്ക് ഹ്യൂമണ്‍ വാക്സിനും നല്കുന്നു.
