
നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി മരിച്ച ഗോപികയുടെ കുടുംബവും രംഗത്ത്. പ്രതി സുഹൈലിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നെന്നും കുടുംബത്തിന് നേരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പ്രചാരണം നടക്കുന്നെന്നും കുടുംബം വൈകാരികമായി പ്രതികരിച്ചു.
കണ്ണടച്ചാല്‍ എന്റെ കൊച്ചിന്റെ മുഖമാണ് കാണുന്നത്. എന്റെ മോളാണ് പോയത് വിഷമമില്ലാഞ്ഞിട്ടല്ല ഞാന്‍ സംസാരിക്കുന്നത്. എന്റെ പൊന്ന് മോളാണ്. അവള് എവിടെ പോകുന്നെങ്കിലും അച്ഛനോട് വിളിച്ചു പറയും. എന്ത് സ്നേഹമായിരുന്നു ഞങ്ങളോട്. അവള് അവളുടെ ഇഷ്ടത്തിന് ഒന്നും ചെയ്തിട്ടില്ല. ഒരു ഡ്രസ് വാങ്ങിയിട്ടില്ലെന്റെ കുഞ്ഞ്. അവള് കഷ്ടപ്പെട്ട് പഠിച്ചതാ. ആ ദുഷ്ടന് ഒന്ന് കണ്ണ് തുറന്നിരുന്നെങ്കില്‍ എന്റെ കുഞ്ഞിന് ഇങ്ങനെ വരുമായിരുന്നോ. എന്റെ പൊന്നിന്റെ മുഖം ഒന്നും കാണാന്‍ പോലും വയ്യ. അടുത്തയാഴ്ച വരും അമ്മ എന്ന് വിളിച്ച് പറഞ്ഞതല്ലേ. അവള് വരുമ്പോള്‍ എന്ത് സന്തോഷമാണെന്ന് അറിയുമോ ഞങ്ങള്‍ക്ക്. മോളില്ലാത്ത ഈ ലോകത്ത് ഇനി ഞങ്ങളുടെ ജീവിതം എന്താ. ആ ദുഷ്ടന് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ – ഗോപികയുടെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.

സുഹൈലിനെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതും ഗോപികയുടെ കുടുംബം ചോദ്യം ചെയ്യുന്നു. ഇത്രയും ഗുരുതരമായ കുറ്റം ചെയ്തിട്ട് ജുവനൈല്‍ ഹോമിലേക്കൊക്കെ കൊണ്ടുപോകുന്ന സാഹചര്യമുണ്ടായത് ഈ കേസ് അട്ടിമറിക്കാനാണെന്നാണ് ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ഉപയോഗിക്കുന്നുണ്ടാകാം. അതുകൊണ്ടാവാം, അപകടശേഷവും തന്റെ വാപ്പ എല്ലാം നോക്കിക്കോളുമെന്ന് അവന് പറയുന്നത്. എന്ത് തരത്തിലുള്ള കുറ്റകൃത്യം ചെയ്താലും വാപ്പ നോക്കിക്കൊള്ളുമെന്ന് പറയുന്നത് സ്വാധീനമുള്ളതുകൊണ്ടായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എഫ്ഐആറില്‍ മദ്യപിച്ചിരുന്നു എന്നുള്ള കാര്യം തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. എന്റെ മകളുടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് തുന്നിക്കെട്ടിയതിന് ശേഷം വീണ്ടും രണ്ടാമത് തുന്നല്‍ അഴിച്ച് രക്തസാമ്പിള്‍ എടുത്തിട്ടുണ്ട്. അതൊക്കെ എന്തിന് വേണ്ടിയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്താനായിരുന്നോ എന്ന് സംശയിക്കുന്നു – കുടുംബം പറഞ്ഞു.
