
കോന്തുരുത്തിയില്‍ വീട്ടിലേക്കുള്ള വഴിയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജോർജ് കുറ്റം സമ്മതിച്ചു. എറണാകുളം സ്വദേശി ആണ് കൊല്ലപ്പെട്ടത് എന്നാണ് സംശയം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് സംശയം. ഇരുമ്പ് ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു എന്നാണ് ജോർജിന്റെ മൊഴി.

ഇന്ന് രാവിലെ ആണ് കൊച്ചിയെ നടുക്കിക്കൊണ്ടുള്ള വാർത്ത പുറത്തുവന്നത്. ജോര്‍ജിന്റെ വീടിനു മുന്നിലാണ് അര്‍ധനഗ്നയായ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി ജോര്‍ജും മദ്യലഹരിയില്‍ മതിലില്‍ ചാരിയിരിക്കുകയായിരുന്നു.രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ചുനടന്നിരുന്നതായി സമീപവാസികള്‍ പറഞ്ഞു. വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞാണ് സമീപവാസികളോട് ഇയാള്‍ ചാക്ക് തിരക്കിയത്. എന്നാല്‍, ഇയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ പലരും ഇയാളെ പറഞ്ഞുവിട്ടു. തുടര്‍ന്ന് സമീപത്തെ ഒരു കടയില്‍നിന്നാണ് ജോര്‍ജ് ചാക്കുകള്‍ സംഘടിപ്പിച്ചു. ഇതിനുപിന്നാലെയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ള ഇടവഴിയില്‍ ചാക്കില്‍കെട്ടിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയിലുള്ള ജോര്‍ജും ഇരിക്കുന്നുണ്ടായിരുന്നു. ഹരിത കര്‍മസേനാംഗങ്ങളാണ് മൃതദേഹം ആദ്യംകണ്ടത്. ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

