
കോഴിക്കോട്: എസ്ഡിപിഐ രാഷ്ട്രീയ കേരളത്തിൽ ഒരു സ്പോയിലർ ഫാക്ടർ ആയി മാറുകയാണെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്. ഉത്തരേന്ത്യയിൽ ഉവൈസിയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുന്ന മട്ടിൽ സംസ്ഥാനത്ത് എസ്ഡിപിഐ സിപിഐഎമ്മിനെയും ബിജെപിയെയും പ്രത്യക്ഷത്തിൽ തന്നെ സഹായിക്കുകയാണെന്ന് നജാഫ് വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.മുസ്ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ വോട്ടുകൾ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് ശക്തികൾക്ക് കരുത്ത് പകരുന്ന നശീകരണ ശക്തിയായി എസ്ഡിപിഐ മാറി. സമുദായത്തിന്റെ അധികാര പ്രാതിനിധ്യത്തിനും അവകാശ സംരക്ഷണത്തിനും ജനാധിപത്യ- മതേതര ചേരിയിൽ ഉറച്ചു നിന്ന് പോരാടുന്ന മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്തി ഫാസിസ്റ്റ് ശക്തികൾക്ക് കരുത്ത് പകരാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. കണ്ണൂരിലും കോഴിക്കോട്ടും മലപ്പുറത്തും വയനാടും ജില്ലാ പഞ്ചായത്ത് ഡിവിഷനിലുകളിൽ എസ്ഡിപിഐ മത്സരിക്കുന്നത് മുസ്ലിം ലീഗ് മാത്രം മത്സരിക്കുന്ന ഡിവിഷനുകളിലാണ്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് എതിരാളികൾക്ക് വിജയം സമ്മാനിക്കാൻ മാത്രമായി ഒരു മത്സരം ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്നും നജാഫ് കുറിപ്പിൽ പറയുന്നു.കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ മാത്രം മത്സരിക്കുന്ന ഒരു പാർട്ടിയായി എസ്ഡിപിഐ മാറി. ഒരേ സമയം നരേന്ദ്രമോദിയെയും മുണ്ടുടുത്ത മോദി എന്നറിയപ്പെടുന്ന പിണറായി വിജയനെയും പ്രീതിപ്പെടുത്തി ഗുഡ് സർട്ടിഫിക്കറ്റിന് കാത്തിരിക്കുകയാണ് ഇവരെന്നും നജാഫ് പറയുന്നു.

