
മലപ്പുറം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. തന്റെ മണ്ഡലത്തില്‍ ഏറെ വര്‍ഷമായി സാധ്യമാകാതെ കിടന്ന പാലം നിര്‍മാണം തടസപ്പെടുത്താന്‍ ലീഗ് നുണപ്രചാരണം നടത്തുകയാണെന്ന് കെ ടി ജലീല്‍ ആരോപിച്ചു. പുറത്തൂര്‍ പഞ്ചായത്തിലെ നായര്‍തോട് പാലത്തിന്റെ നിര്‍മാണത്തിനെതിരെയാണ് ലീഗിന്റെ നുണപ്രചാരണമെന്നാണ് ജലീല്‍ പറയുന്നത്. സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായ ആളെക്കൊണ്ട് ലീഗ് വ്ളോഗര്‍ നുണപറയിപ്പിച്ചെന്നാണ് ജലീല്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.27 പേരില്‍ നിന്ന് 58 സെന്റ് സ്ഥലമാണ് നായര്‍തോട് പാലത്തിനായി ഏറ്റെടുത്തതെന്ന് ജലീല്‍ പറയുന്നു. ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപയാണ് സ്ഥല വിലയായി ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. സുബൈര്‍ എന്നയാള്‍ക്ക് 11,43,000 രൂപയും രണ്ട് സെന്റ് സ്ഥലത്തിനും ഒരു ഓലമേഞ്ഞ ഷെഡ്ഡിനുമായി തിരൂര്‍ അര്‍ബണ്‍ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയത്. അദ്ദേഹത്തെക്കൊണ്ടാണ് ആറ് ലക്ഷമേ കിട്ടിയിട്ടുള്ളൂ എന്ന് ലീഗ് വ്ളോഗര്‍ പറയിപ്പിച്ചതെന്ന് ജലീല്‍ പറഞ്ഞു.

പരമാവധി വില സുബൈറിന് കിട്ടാന്‍ നല്ല ഇടപെടലാണ് താന്‍ നടത്തിയതെന്നും പ്രസ്തുത തുകയ്ക്ക് സമ്മതമാണെന്ന് സുബൈര്‍ ഒപ്പിട്ട് നല്കിയ ശേഷമാണ് തുക കൈമാറ്റം നടന്നതെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. നായര്‍തോട് പാലം വരുന്നത് പരമാവധി മുടക്കാന്‍ നോക്കിയവരാണ് ഇപ്പോള്‍ സുബൈറിനെക്കൊണ്ട് പച്ചക്കള്ളം പറയിപ്പിച്ചിരിക്കുന്നത്. ലീഗിന്റെ രാഷ്ട്രീയക്കളിക്ക് സുബൈര്‍ നിന്നുകൊടുത്തത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ‘നക്കാപിച്ച’ കൊടുത്ത് ലീഗ് പറയിപ്പിച്ച നുണ ജനങ്ങള്‍ തള്ളിക്കളയുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.കർണാടകയിലെ കുടിയൊഴിപ്പിക്കലിൽ ഇടപെടാൻ കഴിഞ്ഞത് പൊതുപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും വലിയ സല്കൃത്യമാണെന്ന് ജലീൽ പറഞ്ഞു. അതുപക്ഷെ സഹിക്കാന്‍ മുസ്ലിം ലീഗിന് കഴിയുന്നില്ല. തിന്നുകയും തീറ്റിക്കുകയും ചെയ്യാത്ത പുല്ലൂട്ടിലെ ‘മൃഗ’മായി ലീഗ് മാറിയാല്‍ വടിയെടുത്ത് ലീഗിന്റെ കൂടെത്തന്നെ കാണുമെന്നും ജലീൽ വ്യക്തമാക്കി.

