
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ റൂട്ട് സംബന്ധിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സർക്കാർ നയമല്ലെന്നും
അനാരോഗ്യകരമായ മത്സരം വേണ്ടെന്നും കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അഭിപ്രായപ്പെട്ടു.
‘പ്രൈവറ്റ് ബസുകൾ ഓടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് ഓടാതിരിക്കുന്നത് ഒരു നയമായി പറയുന്നതുപോലെ തോന്നി. അങ്ങനെ വന്നാൽ അത് വലിയ പ്രയാസങ്ങളുണ്ടാക്കും. അനാരോഗ്യകരമായ മത്സരം വേണ്ടതില്ല എന്നത് നല്ല കാര്യമാണ്. സാധാരണഗതിയിൽ ഇന്ന് കേരളത്തിൽ ധാരാളം പ്രൈവറ്റ് ബസുകൾ ഓടുന്ന റൂട്ടിലും കെഎസ്ആർടിസി ബസുകൾ ഓടുന്നുണ്ട്. അവിടെനിന്നെല്ലാം കെഎസ്ആർടിസി ബസുകൾ പിൻവലിക്കുക എന്ന നയം നമ്മുടെ സർക്കാരിന് സ്വീകരിക്കാൻ പറ്റുന്നതല്ല. അത് ആ തരത്തിലേക്ക് പോയാൽ വിഷമമാകും എന്നതിനാലാണ് ഈ സമയത്ത് വ്യക്തമാക്കുന്നത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

