
തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന കുളിപ്പിക്കുന്നതിനിടെ വെള്ളത്തിലേക്കെറിഞ്ഞ് ചവിട്ടിക്കൊന്നു. ഒന്നാം പാപ്പാനായ വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്. പരിപാലന കേന്ദ്രത്തിലെ ‘മനു’ എന്ന ആനയാണ് വിഷ്ണുവിനെ ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞ ശേഷം ആന ചവിട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മറ്റ് പാപ്പാന്മാർ ഉടൻ തന്നെ ഇടപെട്ട് ആനയെ പിന്തിരിപ്പിച്ചെങ്കിലും വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആനയ്ക്ക് പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.

