
ആയഞ്ചേരി: ശുചിത്വ ബോധവൽക്കരണ രംഗത്ത് പുതിയ മാതൃക തീർത്ത് ആയഞ്ചേരി ഗ്രാമപഞ്ചായത്തും ഹരിതകർമസേനയും സംയുക്തമായി ‘ശുചിത്വ പഠനോത്സവം’ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി എക്കോ സെൻസ് സ്കോളർഷിപ്പ് വിതരണവും ശുചിത്വ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളുടെ സംഗമവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ ടീച്ചർ പഠനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കിളിയമ്മൽ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രജിമ പദ്ധതി വിശദീകരിച്ചു. തുടർന്ന് ഹരിത കേരള മിഷൻ കോർഡിനേറ്റർ സി.എം. സുധ വിദ്യാർത്ഥികൾക്കായി ശുചിത്വ പരിപാലനത്തെക്കുറിച്ച് പഠനക്ലാസ് നയിച്ചു.
പഞ്ചായത്തിലെ മാലിന്യ ശേഖരണ-നിർമാർജന പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പറമ്പിൽ ഗവ. യു.പി സ്കൂളിനെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കൂളിനുള്ള പുരസ്കാരം കൈമാറി. ശുചിത്വവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് തയ്യാറാക്കിയ പ്രൊജക്ട് റിപ്പോർട്ടുകൾ ചടങ്ങിൽ അവതരിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സാക്ഷ്യപത്ര വിതരണവും ഇതിനോടൊപ്പം നടന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി. ദാമോദരൻ, സീനത്ത് ആക്കായി, ജമീല കാട്ടിൽ എന്നിവർ സംസാരിച്ചു. പറമ്പിൽ ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ ആക്കായിൽ നാസർ മാസ്റ്റർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധീഖ് നന്ദിയും പറഞ്ഞു. വരും തലമുറയിൽ ശുചിത്വ ശീലങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് തലത്തിൽ ഇത്തരമൊരു വിപുലമായ സംഗമം സംഘടിപ്പിച്ചത്.

