
കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടപ്പാതയിൽ സ്കൂട്ടറോടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ അഭിനന്ദിച്ച് നടൻ ജോയ് മാത്യു. പ്രഭേച്ചിയുടെ സ്വാതന്ത്ര്യബോധവും പൗരബോധവും കേരളത്തിനൊന്നാകെ മാതൃകയാണെന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തന്റെ ചെറുപ്പകാലത്ത് ആരെയും കൂസാതെ തിടുക്കപ്പെട്ട് പാർട്ടി പ്രവർത്തനത്തിന് പോയിരുന്ന പ്രഭാവതിയമ്മയെ പ്രഭേച്ചി എന്നാണ് നാട്ടുകാർ സ്നേഹ പൂർവം വിളിച്ചിരുന്നതെന്ന് ജോയ് മാത്യു കുറിച്ചു. പിന്നീട് പ്രഭാവതിയമ്മ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും പോരാട്ടവീര്യവും പൗരബോധവും അവരെ വിട്ടുപോയില്ലെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുകയറ്റിയയാളെ ധൈര്യപൂർവം തടഞ്ഞുനിർത്തിയ 72കാരി പ്രഭാവതിയമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് ഈ വിഡിയോയ്ക്ക് ലൈക്കും ഷെയറുമായി രംഗത്തുവന്നത്. വീഡിയോ പുറത്തുവന്നതോടെ പ്രഭാവതി അമ്മയുടെ ഫോണിലേക്ക് അഭിനന്ദന പ്രവാഹമായിരുന്നു. പ്രഭാവതി അമ്മയെ അഭിനന്ദിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തുവന്നിരുന്നു.
എരഞ്ഞിപ്പാലം സിഗ്നലിന് സമീപം റോഡിൽ വൻ തിരക്കുള്ള സമയത്താണ് സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുപോകാൻ യാത്രികൻ ശ്രമിച്ചത്. ഇതുകണ്ട പ്രഭാവതി അമ്മ വണ്ടിക്ക് മുന്നിൽ തടസമായി നിന്നു. സ്കൂട്ടർ യാത്രികൻ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് മുന്നറിയിപ്പ് നൽകിയും അവർ അയാളെ റോഡിലേക്ക് തന്നെ തിരിച്ചിറക്കി. കാൽനടക്കാർക്കുള്ള ഫുട്പാത്തിൽ വണ്ടി കയറ്റാൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അവർ.

