
പത്തനംതിട്ട മല്ലപ്പള്ളിയിലെ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പിന് ശ്രമം. ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടാണ് വ്യാജ തട്ടിപ്പ് നടക്കുന്നതെന്ന് ആലിന്റെ മുത്തച്ഛൻ റെജി സാമുവൽ പറഞ്ഞു. കുടുംബം സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ല.
ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും പറഞ്ഞ് ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. പണം ആവശ്യപ്പെട്ട് ചില കാർഡുകൾ ആളുകളുടെ കൈവശം ലഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയകളും ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും നടത്തുന്നത് സൗജന്യമായാണ്. അതിന് പണം ആവശ്യമില്ല. വ്യാജപ്രചാരണത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആലിന്റെ മുത്തച്ഛൻ പ്രതികരിച്ചു.
ഫെബ്രുവരി അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ കവലയിലുണ്ടായ വാഹനാപകടത്തിലാണ് നെടുങ്ങാടപ്പള്ളി വാലുമണ്ണില്‍ അരുണ്‍ എബ്രഹാമിന്റെയും ഷെറിന് ആന്‍ ജോണിന്റെയും മകളായ ആലിന് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഇതോടെ കുടുംബം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ആലിന്റെ വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ്, നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്തുമാസം പ്രായമുള്ള ആലിന് മാറി. ആലിന്റെ അവയവങ്ങളിലൂടെ അഞ്ച് പേര്‍ക്കാണ് പുതുജീവിതം ലഭിക്കുക.
അതേസമയം, സംസ്ഥാന അവയവദാന ചരിത്രത്തിൽ പുതുചരിത്രം സൃഷ്ടിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തും. പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട് വൈകിട്ടായിരിക്കും മുഖ്യമന്ത്രി സന്ദർശിക്കുക.

