
ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രതിഷേധം ശക്തം. പാകിസ്ഥാനിലെ പ്രമുഖ യൂട്യൂബർമാരടക്കമുള്ള ആരാധകർ ദേശീയ ടീമിന്റെ നാണംകെട്ട പ്രകടനത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മത്സരത്തിന് മുൻപുള്ള പാകിസ്ഥാന്റെ വീരവാദം തിരിച്ചടിച്ചെന്ന് യൂട്യൂബർ ആഘ മുസ്തഫ ഹസ്സൻ മത്സരത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. “മത്സരത്തിന് മുൻപ് നിങ്ങൾ ഒരുപാട് സംസാരിച്ചു, അതിനുപകരം കളി ബഹിഷ്കരിച്ചിരുന്നെങ്കിൽ കുറഞ്ഞപക്ഷം നിങ്ങളുടെ അന്തസ്സെങ്കിലും നിലനിന്നേനെ” എന്ന് അദ്ദേഹം പരിഹസിച്ചു.
നിലവിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു പോരാട്ടമേ നടക്കുന്നില്ലെന്ന ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്റെ പരാമർശം ശരിയാണെന്ന് മറ്റൊരു ഇൻഫ്ലുവൻസറായ ലൈബ അബ്ബാസിയും ശരിവെച്ചു. ഇന്ത്യ മറ്റൊരു തലത്തിലാണ് കളിക്കുന്നതെന്നും അവരുടെ സ്ഥിരതയ്ക്കോ മികവിനോ ഒപ്പമെത്താൻ പാകിസ്ഥാനായില്ലെന്നും ഇൻഫ്ളുവൻസർ സമ്മതിച്ചു.
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ തകർന്നടിഞ്ഞതോടെ ആരാധകർ നിരാശയോടെ കളി കഴിയുന്നതിന് മുൻപേ ഗാലറി വിട്ടുപോയിരുന്നു. 15.3 ഓവറിൽ 97 റൺസിന് 8 വിക്കറ്റ് എന്ന നിലയിലേക്ക് പാകിസ്താൻ കൂപ്പുകുത്തിയതോടെ പലരും സ്റ്റേഡിയം വിട്ടു. ഒടുവിൽ 61 റൺസിന് പാകിസ്ഥാൻ പരാജയപ്പെട്ടതോടെ സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകർ രോഷം പ്രകടിപ്പിച്ചു.

