
ലോകക്രിക്കറ്റിലെ വമ്പന്മാരായ ന്യൂസിലൻഡിനെ ഞെട്ടിച്ചുകൊണ്ട് കാനഡയുടെ പത്തൊൻപതുകാരൻ യുവരാജ് സമ്രയ്ക്ക് ചരിത്ര സെഞ്ച്വറി. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിലാണ് കിവി ബൗളർമാരെ നിലംപരിശാക്കി യുവരാജ് 110 റൺസ് (65 പന്ത്) അടിച്ചുകൂട്ടിയത്.
ടി20 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് യുവരാജ് സമ്ര സ്വന്തമാക്കി (19 വയസ്സും 141 ദിവസവും). 2014-ൽ 22-ാം വയസ്സിൽ സെഞ്ച്വറി നേടിയ പാകിസ്ഥാന്റെ അഹമ്മദ് ഷെഹ്സാദിന്റെ റെക്കോർഡാണ് യുവരാജ് മറികടന്നത്. സുരേഷ് റെയ്ന(23 വയസും 156 ദിവസവും), അലക്സ് ഹെയ്ൽസ്(25 വയസും 83 ദിവസവും), ഗ്ലെന്‍ ഫിലിപ്സ്(25 വയസും 327 ദിവസവും) എന്നിവരും യുവരാജിന്റെ റെക്കോര്‍ഡ് സെഞ്ചുറിക്ക് മുന്നില്‍ പിന്നിലായി.
ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു സെഞ്ച്വറി നേടുന്ന അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ താരമെന്ന റെക്കോര്‍ഡും കനേഡിയൻ ഓപ്പണർ സ്വന്തമാക്കി. 2024ലെ ടി20 ലോകകപ്പില്‍ കാനഡക്കെതിരെ അമേരിക്കയുടെ ആരോണ്‍ ജോണ്‍സ് നേടിയ 94 റണ്‍സിന്റെ റെക്കോര്‍ഡാണ് യുവരാജ് മറികടന്നത്.ന്യൂസിലൻഡിനെതിരെ 11 ഫോറുകളും 6 സിക്സറുകളുമാണ് യുവരാജ് അടിച്ചുകൂട്ടിയത്. 58 പന്തില്‍ സെഞ്ചുറിയിലെത്തിയ യുവരാജ് 65 പന്തില്‍ 110 റണ്‍സെടുത്താണ് പുറത്തായത്. കാനഡ അടിച്ച 173 റണ്‍സില്‍ 63.6 ശതമാനവും(110 റണ്‍സ്) യുവരാജിന്റെ ബാറ്റില്‍ നിന്നായിരുന്നു.

