
വടകര: കമ്യുണിസ്റ്റ് പോരാളിയും ചെറുത്തുനില്‍പ്പുകളുടേയും സമരങ്ങളുടേയും സംഘാടകനുമായിരുന്ന ടി കെ കുഞ്ഞിരാമൻ്റ ‘ആത്മകഥയും ഓർമ ചിത്രങ്ങളും’ പുസ്തകം പ്രകാശിപ്പിച്ചു. സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത നിശ്ചയ ദാര്‍ഢ്യമുള്ള കമ്യൂണിസ്റ്റുകാരനായിരുന്ന ടി കെ കുഞ്ഞിരാമൻ്റെ സമരതീക്ഷ്ണവും സംഭവബഹുലവുമായ ജീവിതം രേഖപ്പെടുത്തിയ പുസ്തകമാണ്
‘ആത്മകഥയും ഓര്‍മ്മച്ചിത്രങ്ങളും’. മൊയാരത്ത് ശങ്കരൻ പഠന കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകത്തിന് രാജേന്ദ്രൻ എടത്തുംകരയാണ് അവതാരിക എഴുതിയത്. നഗരസഭ സാംസ്കാരിക ചത്വരത്തില്‍ നടന്ന ചടങ്ങിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് പി കെ സൈനബ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന് പുസ്തകം നൽകി പ്രകാശിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനായി. കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ പുസ്തകം പരിചയപ്പെടുത്തി. അഡ്വ. ഐ മൂസ, എം കെ ഭാസ്കരൻ, പി സുരേഷ് ബാബു, എം നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ആർ ബാലറാം സ്വാഗതം പറഞ്ഞു. ടി കെ കുഞ്ഞിരാമൻ്റെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

