
‘ഓപ്പറേഷൻ സിന്ദൂർ’ നടന്ന സമയത്ത് ഇന്ത്യ പാകിസ്ഥാനിലെ കിരാന ഹിൽസ് ആണവ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയെന്നും ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും വ്യോമയാന ചരിത്രകാരനും വിശകലന വിദഗ്ധനുമായ ടോം കൂപ്പർ. പാകിസ്ഥാന് ശക്തമായ ഒരു സന്ദേശം നൽകാനാണ് ഇന്ത്യ ഈ കേന്ദ്രം തിരഞ്ഞെടുത്തതെന്ന് കൂപ്പർ പറയുന്നു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
“നിങ്ങൾ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങളിൽ പോലും, ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ആഞ്ഞടിക്കാൻ കഴിയുമെന്ന്” കാണിച്ചുകൊടുക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്നും ടോം കൂപ്പര്‍ പറയുന്നു. പാകിസ്ഥാന്റെ ആണവ പദ്ധതിയുടെ കേന്ദ്രബിന്ദുക്കളിലൊന്നാണ് കിരാന ഹിൽസ്. അവിടെ ഏകദേശം 20 മുതൽ 24 വരെ ‘നോൺ-ക്രിട്ടിക്കൽ’ ആണവ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ഇത് കേവലം ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ആദ്യം പാകിസ്ഥാൻ വ്യോമസേനയുടെ റഡാർ സ്റ്റേഷനുകൾ തകർത്ത് അവരുടെ പ്രത്യാക്രമണ ശേഷി ഇല്ലാതാക്കിയ ശേഷമാണ് ഭൂഗർഭ സംഭരണശാലയുടെ രണ്ട് പ്രവേശന കവാടങ്ങൾ ഇന്ത്യ തകർത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ ആക്രമണത്തിന് പിന്നാലെ ഇസ്ലാമാബാദ് വാഷിംഗ്ടണിനെയും ന്യൂഡൽഹിയെയും ബന്ധപ്പെട്ട് വെടിനിർത്തലിനായി സമ്മർദം ചെലുത്തിയത് ഇതിന്റെ തെളിവാണ്. 88 മണിക്കൂർ നീണ്ടുനിന്ന യുദ്ധത്തിൽ ഈ നീക്കം നിർണായകമായിരുന്നു. 2025 മേയ് 10-നായിരുന്നു ഈ നിർണായക ആക്രമണം നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

