
കൊച്ചി: സംസ്ഥാനത്തെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് ഹൈക്കോടതി കർശന വിലക്കേർപ്പെടുത്തി. സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ട് നിയമനങ്ങൾ നടത്തരുതെന്ന മുൻ ഉത്തരവ് സർക്കാർ പാലിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഈ സുപ്രധാന നടപടി. സുപ്രീം കോടതി വിധികൾക്ക് വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് നവംബർ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും, അത് മറികടന്ന് വീണ്ടും സ്ഥിരപ്പെടുത്തൽ ഉത്തരവുകൾ പുറപ്പെടുവിച്ചുവെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി അബ്ദുൽ വാഹിദ് സമർപ്പിച്ച ഉപഹർജിയിലാണ് കോടതിയുടെ പുതിയ ഇടപെടൽ. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് പലതവണ സമയം അനുവദിച്ചിട്ടും സർക്കാർ അത് ഹാജരാക്കാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു.

