
മരണാനന്തര അവയവദാനത്തിലൂടെ പുതുജീവൻ പകർന്ന് കിളിമാനൂർ സ്വദേശി ജിജിൻ. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിജിന്റെ മസ്തിഷ്ക മരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥിരീകരിച്ചതോടെയാണ് അവയവദാനത്തിന് കുടുംബം സന്നദ്ധത അറിയിച്ചത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്കായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ജിജിൻ.
ഹൃദയം, കരൾ, രണ്ട് വൃക്കകൾ, കോർണിയ എന്നിവയാണ് ദാനം ചെയ്തത്. നിലവിൽ ഒരു കരൾ കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി അല്പസമയത്തിന് തന്നെ ഒരു കരളും കിഡ്നിയും കൂടി കൊണ്ടുപോകും.ഞായറാഴ്ച അർദ്ധരാത്രിയോടെ കല്ലമ്പലത്തിന് സമീപം തോട്ടയ്ക്കാട് വെച്ചുണ്ടായ അപകടമാണ് ജിജിന്റെ ജീവൻ കവർന്നത്. ജിജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന് പിന്നിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
ഒരു വൃക്കയും നേത്രപടലങ്ങളും സ്വീകരിക്കുന്നതിനുള്ള രോഗികളെ നിലവിൽ കണ്ടെത്തിയിട്ടുണ്ട്. മറ്റ് അവയവങ്ങൾ കൂടി ദാനം ചെയ്യുന്നതിനായി ‘മൃതസഞ്ജീവനി’ വഴി സ്വീകർത്താക്കളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

