
കൊട്ടാരക്കര: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷാ പോറ്റിക്കെതിരെ ബിജെപി. ഐഷാ പോറ്റി ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തിയിരുന്നെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുൻ എൻ.ഡി.എ സ്ഥാനാർത്ഥിയും ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയുമായ വയ്ക്കൽ സോമൻ ആരോപിച്ചു.
സിപിഎമ്മിലായിരുന്ന സമയത്ത് തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയുടെ തെളിവുകൾ തിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഈശ്വരവിശ്വാസിയായിരുന്ന ഐഷയെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് നിരീശ്വരവാദിയാക്കിയതെന്നും സോമൻ വിമർശിച്ചു.
എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ തള്ളിക്കൊണ്ട് ഐഷാ പോറ്റി രംഗത്തെത്തി. താൻ ആരെയും അങ്ങോട്ട് പോയി സമീപിച്ചിട്ടില്ലെന്നും പല പാർട്ടികളിൽ നിന്നും തനിക്ക് ക്ഷണം ഉണ്ടായിരുന്നുവെന്നത് സത്യമാണെന്നും അവർ പറഞ്ഞു. “ചിത്രങ്ങൾ ഉണ്ടെങ്കിൽ അവർ പുറത്തുവിടട്ടെ, എഐ ഉപയോഗിച്ച് എന്നെ തകർക്കാൻ കഴിയില്ല. ഐഷാ പോറ്റി ആരാണെന്ന് ജനങ്ങൾക്കറിയാം” – അവർ വ്യക്തമാക്കി. ബിജെപി ഓഫീസിൽ പോയെന്നോ ഷാൾ അണിഞ്ഞെന്നോ ഉള്ള പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്നും ഇത്തരം നുണകൾ പറയുന്നവർ അത് തെളിയിക്കണമെന്നും അവർ വെല്ലുവിളിച്ചു.

