
കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നാലു കളികളിലും ജയിച്ച് ഇന്ത്യ സൂപ്പര്‍ 8ലെത്തിയപ്പോള്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു സൂര്യകുമാര്‍ യാദവും ടീം മാനേജ്മെന്റും. ലോകകപ്പിന് തട്ടു മുമ്പ് നടന്ന ന്യൂസിലന്‍ഡിനെതരായ ടി20 പരമ്പരയില്‍ അഞ്ച് കളികളില്‍ നിന്ന് 46 റണ്‍സ് മാത്രമെടുത്ത നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരുത്തിയാണ് ഇന്ത്യ ഗ്രൂപ്പ് പോരാട്ടങ്ങള്‍ കളിച്ചത്.
നമീബിയക്കെതിരെ അഭിഷേക് ശര്‍മ അസുഖബാധിതനായി മാറി നിന്ന മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് ഓപ്പണറായി അവസരം ലഭിച്ചത്. 8 പന്തില്‍ 24 റണ്‍സെടുത്ത് മിന്നുന്ന തുടക്കം നല്‍കിയെങ്കിലും പിന്നീട് സഞ്ജുവിന് അവസരം ലഭിച്ചില്ല. അഭിഷേക് ശര്‍മ തുടര്‍ച്ചയായി മൂന്ന് ഡക്കായിട്ടും ഇടം കൈയന്‍ ഓപ്പണര്‍മാരായ അഭിഷേകിനെയും ഇഷാന് കിഷനെയും എതിരാളികള്‍ ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ച് തന്ത്രപരമായി പൂട്ടിയിട്ടും വലം കൈയനായ സഞ്ജുവിനെ പരീക്ഷിക്കാനോ മാറിച്ചിന്തിക്കാനോ സൂര്യയും ടീം മാനേജ്മെന്റും തയാറായില്ല.
ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പര്‍ 8 പോരിന് തൊട്ടു മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഓഫ് സ്പിന്‍ കെണിയെക്കുറിച്ച് ക്യാപ്റ്റൻ സൂര്യകുമാറിനോട് ചോദിച്ചിരുന്നു. ഇടം കൈയന്മാരായ അഭിഷേകും കിഷനും മൂന്നാം നമ്പറില്‍ തിലകും വരുന്ന ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിയുണ്ടാകുമോ, വലം കൈയനായ സഞ്ജുവിനെ ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പണറായോ മൂന്നാം നമ്പറിലോ കളിപ്പിക്കുമോ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ അതിന് പരിഹാസച്ചുവയുള്ള മറുപടിയായിരുന്നു ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നല്‍കിയത്. അഭിഷേകിനെയോ തിലകിനെയോ ഒഴിവാക്കി സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് എന്ന് പറഞ്ഞായിരുന്നു സൂര്യ ആ ചിരി ചിരിച്ചത്.

