
തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടിനുള്ളിൽ എയർ കണ്ടീഷനുള്ളിൽ അഞ്ച് പാമ്പുകളെ കണ്ടെത്തി. ശ്രീകാര്യം ചെറുവയ്ക്കൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ മാധവ് ജെ പണിക്കരുടെ ബെഡ്റൂമിലെ എയർ കണ്ടീഷനകത്താണ് പാമ്പുകൾ കുടുംബമായി തങ്ങിയത്. മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എ സിയുടെ അടിഭാഗത്ത് ഒരു വാൽപോലെ എന്തോ മറയുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സംശയംതോന്നി എ സിക്ക് സമീപം ചെന്നപ്പോൾ അകത്ത് നിന്ന് ചെറിയ ശബ്ദം കേട്ടു. ടോർച്ച് അടിച്ചുനോക്കിയപ്പോൾ പാമ്പിന്റെ ഭാഗം കണ്ടു. ഉടൻ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് വനംവകുപ്പിലെ സ്നേക്ക് റെസ്ക്യൂ ഓഫീസർ റോഷ്നിയെ വീട്ടുകാർ വിളിച്ചു. റോഷ്നിയുടെ നിർദേശപ്രകാരം ‘സർപ്പ’യിലെ സ്നേക്ക് ക്യാച്ചർ ഗൗതം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി.

