
കോഴിക്കോട്: റെയിൽവേ സ്റ്റേഷന് സമീപമുള്ള സെന്റ് പാട്രിക്സ് പള്ളിയിൽ തീപിടിത്തം. പള്ളിക്ക് പിന്നിലെ മതബോധന ഓഫിസിലെ കെട്ടിടം പൂർണ്ണമായും നശിച്ചു. ശനിയാഴ്ച പുലർച്ചെ ഏകദേശം 4.45-ഓടെയാണ് തീപിടിത്തം ഉണ്ടായത്. ചാലപ്പുറം പുഷ്പ ജംക്ഷനു സമീപം ഫ്രാൻസിസ് പാലത്തിന് തുടക്കത്തിൽ റെയിൽവേ പാളത്തിന് തൊട്ടടുത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
മതബോധന ക്ലാസുകൾ നടന്നിരുന്ന പഴയ കെട്ടിടമാണ് കത്തിനശിച്ചത്. മേൽക്കൂരയും ഫർണിച്ചറുകളും ഉൾപ്പെടെ കെട്ടിടം പൂർണ്ണമായും ചാരമായി. പള്ളിയിലെ രൂപക്കൂട്, വിളക്കുകൾ, തിരുരൂപങ്ങൾ, പ്രധാന രേഖകൾ, പുസ്തകങ്ങൾ എന്നിവയ്ക്കു പുറമെ പള്ളിപ്പെരുന്നാളിനായി കരുതിവെച്ചിരുന്ന സാധനങ്ങളും അഗ്നിക്കിരയായി. പള്ളി വികാരിയുടെ കാറിനും ഭാഗികമായി തീപിടിച്ചു. സമീപത്തുള്ള പള്ളിയുടെ പ്രധാന വാതിലിനും ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതിനിടെ ഒരാൾ മുകളിലൂടെ ഓടുന്നതും തുടർന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്നതും സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആരോ മനഃപൂർവ്വം തീയിട്ടതാകാം എന്ന സംശയത്തിലാണ് ഇടവകയും പോലീസും.

