
കൃത്രിമ കൈയുമായി വിനോദിനി ആറ് മാസത്തിന് ശേഷം സ്കൂളിലേക്ക്, ഇടത് കൈകൊണ്ട് പരീക്ഷ എഴുതും. വീട്ടുമുറ്റത്തുണ്ടായ വീഴ്ചയെത്തുടർന്നുള്ള ചികിത്സയ്ക്കിടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. 2025 സെപ്റ്റംബർ 24-നാണ് സഹോദരനുമൊത്ത് കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയിൽ വിനോദിനിയുടെ വലതുകൈയിലെ എല്ല് പൊട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സപ്പിഴവിനെത്തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സഹായത്തോടെ വിനോദിനിക്ക് ആഴ്ചകൾക്ക് മുമ്പ് കൃത്രിമ കൈ വച്ചിരുന്നു.ഇന്ന് സ്കൂളിൽ പോകാനുള്ള സന്തോഷത്തിലാണ്, മലയാളം പരീക്ഷയാണ് എഴുതുക. എല്ലാവരുടെയും പിന്തുണയ്ക്ക് വിനോദിനി നന്ദി അറിയിച്ചു. ക്ലാസുകൾ കുറേ നഷ്ടപ്പെട്ടെങ്കിലും വാർഷികപരീക്ഷയ്ക്കു മുൻപ് സ്കൂളിലെത്താനും സഹപാഠികളെ കാണാനുമുള്ള ഒരുക്കത്തിലാണ് വിനോദിനി. നിർമാണത്തൊഴിലാളിയായ വിനോദിന്റെയും പ്രസീതയുടെയും മകളാണ് വിനോദിനി. കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് വിനോദും കുടുംബവും താമസിക്കുന്ന വാടകവീടിന്റെ മുറ്റത്തുവെച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെ കുടുംബാംഗങ്ങൾക്കൊപ്പം വിനോദിനി സ്കൂളിലെത്തി.

