
മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പാചക വാതകത്തിന്റെ ഉത്പാദനം വർധിപ്പിക്കണമെന്നാണ്
നിർദേശം. അധിക ഉത്പാദനം ഗാർഹിക ആവശ്യങ്ങളുടെ ഉപയോഗത്തിനായി ഉപയോഗിക്കണം. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാൻ 25 ദിവസത്തെ ഇന്റർ-ബുക്കിംഗ് കാലയളവ് ഏർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയിലേക്കുള്ള എൽപിജി വിതരണത്തിനുള്ള പ്രാതിനിധ്യം അവലോകനം ചെയ്യുന്നതിനായി കമ്മിറ്റി രൂപീകരിച്ചു.
ഇന്ധനവിതരണത്തിലെ നിലവിലെ സാഹചര്യങ്ങളും നിയന്ത്രണവും കണക്കിലെടുത്താണ് നിർദേശം.ഇന്ത്യയിൽ തല്ക്കാലം എൽപിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തുമെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലും എൽപിജി ഇറക്കുമതിയിലും ഇന്ത്യയും പ്രതിസന്ധി നേരിടുകയാണ്. പെട്രോൾ, ഡീസൽ വില വർധനവ് ഇപ്പോഴുണ്ടാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
അതേസമയം, പാചക വാതക വിതരണ പ്രതിസന്ധിയിൽ ബെംഗളൂരുവിൽ ഹോട്ടലുടമകൾ പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് മുതൽ ഹോട്ടലുകൾ ഭാഗികമായി അടച്ചിടുമെന്ന് സംഘടന വ്യക്തമാക്കി. പാചകവാതകത്തിന്റെ വില വർധിച്ചതോടെ ലഭ്യത കുറവ് രൂക്ഷമാണ്. നിലവിൽ ഹോട്ടലുകൾ പ്രവർത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യമുണ്ട്.

