
ലോകനാർകാവ് ധ്വനി റസിഡൻസ് അസോസിയേഷനും ഏഞ്ചൽസ് വടകരയും സംയുക്തമായി സംഘടിപ്പിച്ച അടിയന്തിര ജീവരക്ഷാ പരിശീലന ക്ലാസിൽ പങ്കെടുത്ത് രണ്ടാഴ്ച കഴിയും മുമ്പേ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അനിശ്ചിതത്വത്തിൽ നിന്ന് ഒരു വിലപ്പെട്ട മനുഷ്യ ജീവിതത്തെ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് ലോകനാർകാവിലെ വടക്കേ പുതിയോട്ടിൽ അമൃതയും കൂട്ടുകാരി ഷിംന ശ്രീജേഷും .
രണ്ടുപേരും പുതിയാപ്പ് മാക്കൂൽ പീടിക ബസ് സ്റ്റോപ്പിന് അടുത്തുള്ള കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ഇറങ്ങുമ്പോഴാണ് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഒരു യുവതി അസ്വാസ്ഥ്യം പ്രകടിപ്പിച്ച് കുഴഞ്ഞു വീഴുന്നത് ഷിംന കാണുന്നത്. ഓടിയെത്തി ഷിംന ആ യുവതിയെ വീഴാതെ താങ്ങി പിടിച്ചു. അമൃത അവരെ തട്ടി വിളിക്കാൻ ശ്രമിച്ചെങ്കിലും ശ്വാസം നിലച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ടെന്ന് അമൃതയ്ക്ക് മനസ്സിലായി. ആൾക്കൂട്ടത്തിനിടയിൽ മടിച്ചു നിൽക്കാതെ റോഡരികിൽ വെച്ചു തന്നെ അമൃത യുവതിക്ക് സി.പി.ആർ (കൃത്രിമ ശ്വാസോഛ്വാസം ) നൽകി. രണ്ടാം റൗണ്ടിൽ യുവതിയ്ക്ക് ശ്വാസം തിരിച്ചു കിട്ടുകയും ബോധം തെളിയുകയും ചെയ്തു. പിന്നെ, വൈകാതെ കുതിച്ചെത്തിയ ആംബുലൻസിൽ യുവതിയോടൊപ്പം രണ്ടുപേരും ആശുപത്രിയിലേക്ക്.യുവതി ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്നുറപ്പായ ശേഷം അവരെ ബന്ധുക്കളെ ഏൽപ്പിച്ചിട്ടാണ് രണ്ടുപേരും ആശുപത്രി വിട്ടത്. അടിയന്തിര ജീവരക്ഷാ പരിശീലന ക്ലാസിൽ പങ്കെടുത്ത് പലവട്ടം ഡമ്മി ഉപയോഗിച്ച് സി.പി.ആർ. ചെയ്യുന്നത് പരിശീലിച്ചത് കൊണ്ടുള്ള ആത്മവിശ്വാസം കൊണ്ടു മാത്രമാണ് ഇത്തരമൊരു സന്ദർഭത്തിൽ സമയോചിതമായി ഇടപെടാനും വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കുവാനും അവർക്ക് കഴിഞ്ഞത്. ഇന്ത്യൻ റെയിൽവേ ജീവനക്കാരിയായ അമൃതയെയും നടക്കുതാഴ മാപ്പിള യു .പി സ്കൂൾ അധ്യാപികയായ ഷിംനയെയും ആശുപത്രിയിൽ വച്ച് ഡോക്ടർമാരും പിന്നീട് ധ്വനി റസിഡൻസ് അസോസിയേഷനും അനുമോദിച്ചു.

