
ഏറ്റുമാനൂരിൽ സീറ്റ് ലഭിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്റെ ഉറച്ച വിശ്വാസം. എന്നാൽ കാത്തിരുന്ന് കാത്തിരുന്ന് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോള്‍ ജോസഫ് വാഴയ്ക്കൻ ലിസ്റ്റിൽ നിന്ന് പുറത്ത്. പക്ഷേ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം വളരെ വലിയ തയ്യാറെടുപ്പുകളാണ് മണ്ഡലത്തിൽ നടത്തിയത്.
ഒരു ലക്ഷം പോസ്റ്റർ പ്രചാരണത്തിനായി പ്രിന്റ് ചെയ്തു. കൂടാതെ 2500 ഫ്ലക്സ് ബോർഡുകളും തയ്യാറാക്കി. എന്നാൽ ഇതെല്ലാം ഇപ്പോള്‍ പാഴായിരിക്കുന്നു. ലക്ഷങ്ങള്‍ ചെലവിട്ടാണ് പോസ്റ്ററും ഫ്ലക്സും തയ്യാറാക്കിയത്. താൻ മത്സരിക്കാനാവശ്യമായ എല്ലാ പ്രചാരണ ഒരുക്കങ്ങളും നേരത്തെ തന്നെ ആരംഭിച്ചിരുന്നതായി വാഴയ്ക്കന്റെ വെളിപ്പെടുത്തലും പുറത്തുവന്നു. നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയും അദ്ദേഹം പരസ്യമാക്കി. സീറ്റ് ലഭിക്കാത്തതിലെ പ്രയാസവും പ്രതിഷേധവും പാർട്ടിയെ അറിയിച്ചതായാണ് വിവരം.
ഏറ്റുമാനൂരിൽ സീറ്റിൽ നിന്ന് തന്നെ മാറ്റുന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവസാന നിമിഷത്തെ ഈ മാറ്റം പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജോസഫ് വാഴയ്ക്കൻ അദ്ദേഹം ചൂണ്ടിക്കാട്ടി.

