
മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഇടപെട്ടത് തെറ്റായിപ്പോയെന്നും താൻ അങ്ങനെ ചെയ്യാൻ പാടിലായിരുന്നുവെന്നും കോന്നി അട്ടച്ചാക്കൽ ഈസ്റ്റ് സ്വദേശിയായ ദാസ് പി ജോർജ്. കോന്നിയിലെ പ്രസംഗത്തിനിടയിൽ സദസിൽ നിന്നുയർന്ന ചോദ്യത്തിനോട് മുഖ്യമന്ത്രി വീട്ടിൽ പോയി ചോദിക്ക് എന്നാണ് മറുപടി നൽകിയത്. ഈ ചോദ്യം ചോദിച്ചത് ദാസ് പി ജോർജ് ആയിരുന്നു. സജീവ സിപിഐഎം പ്രവർത്തകൻ കൂടിയാണ് ദാസ് പി ജോർജ്.
തെറ്റ് പൂർണമായും തന്റെ ഭാഗത്താണ് എന്നാണ് ദാസ് പി ജോർജ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോൾ ആവേശഭരിതനായി, വീണ്ടും ഭരണം കിട്ടുമെന്ന് തോന്നി. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരിക്കുമ്പോൾ ആ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും, എങ്ങനെ വികസനം നടത്തും എന്നാണ് താൻ ചോദിക്കാൻ ഉദ്ദേശിച്ചത്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ താൻ അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നുവെന്നും മറുപടിയിൽ വിഷമം തോന്നിയില്ല എന്നും ദാസ് പി ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ പറ്റിയാലും ഈ ചോദ്യമാകും താൻ ചോദിക്കുക എന്നും ദാസ് പി ജോർജ് പറഞ്ഞു.
കഴിഞ്ഞ ദിവസം കോന്നിയിൽ നടന്ന പരിപാടിയിലായിരുന്നു സംഭവം. വേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ സദസിൽ നിന്ന് ഒരു ചോദ്യമുണ്ട് എന്ന ശബ്ദം ഉയരുകയായിരുന്നു. ഇയാളോട് വീട്ടിൽ പോയി ചോദിക്ക് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഈ മറുപടിയിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴയ വീഡിയോകൾക്കൊപ്പം താരതമ്യം ചെയ്തുകൊണ്ടാണ് ചർച്ചകൾ നടക്കുന്നത്.

