
ഉത്സവാഘോഷത്തിനിടെ ഫ്ലോട്ടിനുമുന്നിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് 19കാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സജീവ് മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടി എന്ന തേജസിനെ(19) ആണ് ഒരു സംഘം കുത്തി കൊലപ്പെടുത്തിയത്. പ്രതികളെ ഇവരുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കൊട്ടിയം പോലീസ് പിടികൂടി. കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ(19), വിനു(26), പ്രിജിത്, അഖിൽരാജ്(29) എന്നിവരും പ്രായപൂർത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.

ശനിയാഴ്ച രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് ആക്രമണം. പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്ലോട്ടിനു മുന്നിൽ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലിൽ അറിയാതെ ചവിട്ടി. ഇതിൽ പ്രകോപിതരായ ആദിത്യനും സുഹത്തുക്കളും തേജസിനെ വളഞ്ഞിട്ട് മർദിച്ചു. കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ആദിത്യൻ തേജസിന്റെ വയറ്റിലും ഇടുപ്പിലും 3 തവണ കുത്തുകയായിരുന്നു. കുത്തുമ്പോൾ പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ തേജസിനെ പിടിച്ചു വച്ചു കൊടുക്കുകയും ചെയ്തു. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബോക്സുകൾ ഘടിപ്പിച്ച ഫ്ലോട്ടിൽ എൽഇഡി കളർ ലൈറ്റുകളും ഉണ്ടായിരുന്നതിനാൽ തേജസിനെ കുത്തുന്നതും അവന്റെ നിലവിളിയും ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

