
ബാലുശ്ശേരി/കോഴിക്കോട്: ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്ത് നിർഭയ ഹോമിൽ താമസിപ്പിച്ച പോക്സോ കേസ് ഇരയായ 17 വയസ്സുകാരിയെ കാണാതായതായി പരാതി. നിർഭയ ഹോം അധികൃതരാണ് പോലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്.

അന്വേഷണം പൂർത്തിയാക്കിയ ശേഷം, ഗർഭച്ഛിദ്ര മെഡിക്കൽ നടപടികൾക്കുപിന്നാലെ, പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ ഹോമിൽ താമസിപ്പിക്കുകയായിരുന്നു.

മകളെ തനിക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനും ഉൾപ്പെടെ കുട്ടിയുടെ അമ്മ അപേക്ഷ നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്ന് അമ്മ കുറ്റപ്പെടുത്തി.

2022-ൽ മറ്റൊരു പീഡനത്തിനും കുട്ടി ഇരയായിരുന്നു. തന്നെ വീട്ടിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ട് മകൾ കത്തുനൽകിയിരുന്നെന്നും ഇതിനിടയിലാണ് കുട്ടിയെ കാണാതായതെന്നും അമ്മ പറഞ്ഞു.

