
പാലക്കാട് ബി ജെ പിക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തിൽ പ്രാഥമിക പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും. സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ സ്ത്രീ വയോധികക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെടുകയായിരുന്നു. ബി ജെ പി പ്രവർത്തക പണം നൽകിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പരിശോധനയിൽ പറഞ്ഞതെന്ന് വീട്ടിലെത്തി അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൈസയൊന്നും തന്നിട്ടില്ലെന്നും ദൃശ്യങ്ങളിൽ കാണുന്ന പണം അവരുടെ കയ്യിൽ ഉണ്ടായിരുന്നതാണെന്നും വീട്ടുകാർ വിവരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുറത്തുനിന്നും വന്നവർ പണം തന്നിട്ടില്ലെന്നും അവർ പറഞ്ഞതായി ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാധ്യമങ്ങളോട് ആദ്യം പണം ലഭിച്ചെന്ന് പറഞ്ഞതടക്കം ചൂണ്ടിക്കാട്ടിയപ്പോൾ, ഞങ്ങളോട് പണം തന്നിട്ടില്ലെന്നാണ് വയോധിക മറുപടി നൽകിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ശേഷം തുടർ നടപടിയുണ്ടാകുമെന്നും അവർ വിവരിച്ചു. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബി ജെ പി പ്രവർത്തകർ പണം നൽകിയതായി ആരോപിക്കുന്നത്
ആരോപണം നിഷേധിച്ച് വയോധിക
നേരത്തെ ബി ജെ പി പ്രവർത്തക പണം നൽകിയെന്ന ആരോപണം നിഷേധിച്ച് വയോധികയും രംഗത്തെത്തിയിരുന്നു. കൈയിലുണ്ടായിരുന്നത് പെൻഷൻ തുകയായിരുന്നുവെന്ന് വയോധിക മാധ്യമങ്ങളോട് പറഞ്ഞത്. കുടുംബവും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

