
തുറവൂര്‍ ആശുപത്രിയിലെ തീപിടിത്ത രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫയര്‍ഫോഴ്സിന് വഴി നല്‍കാത്ത സംഭവത്തില്‍ കാര്‍ ഉടമയ്ക്ക് എതിരെ കേസെടുത്തു. പട്ടണക്കാട് പൊലീസ് ആണ് കേസെടുത്തത്. വാഹനം പിടിച്ചെടുത്തു. കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തില്‍ സുജിത്തിനെതിരെയാണ് കേസെടുത്തത്.
കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ആലപ്പുഴ എസ്എച്ച്ഒ ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസ്. ബിഎന്‍എസ് 281, 285 പ്രകാരവും മോട്ടോര്‍സ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തുറവൂര്‍ ആശുപത്രി തീപിടിത്ത രക്ഷാപ്രവര്‍ത്തനത്തിന് പോവുകയായിരുന്നു ഫയര്‍ഫോഴ്സ്. ആലപ്പുഴയില്‍ നിന്നും പോയ ഫയര്‍ഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാര്‍ വഴിമാറാതെ സഞ്ചരിച്ചത്. ഏകദേശം 15 മിനിറ്റോളം ഫയര്‍ഫോഴ്സിനെ കാര്‍ തടഞ്ഞിരുന്നു.

