
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല. ഡൽഹിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാൻ എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് രമേശ് ചെന്നിതല ഡൽഹിയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കോണ്‍ഗ്രസ് കടന്നു. എംഎല്‍എമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നുണ്ട്. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശൻ പ്രതീക്ഷിക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുന്‍പ് എംഎല്‍എമാരെ നേരിട്ട് കാണാനാണ് നീക്കം.

