
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എത്തുന്നത് തടയാന്‍ കൂട്ടരാജി ഭീഷണി മുഴക്കി കോഴിക്കോട് കോട്ടൂര്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി. ജനവിധി അട്ടിമറിച്ച് കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കരുതെന്നാണ് ആവശ്യം. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കെ സി വേണുഗോപാല്‍ തോല്‍ക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്കുന്നു.
‘സതീശന് എന്ന വ്യക്തിക്കല്ല. അഞ്ചുകൊല്ലം നയിച്ചയാള്‍ എന്ന നിലയ്ക്ക്, കഷ്ടപ്പെട്ട് പാര്‍ട്ടിയെ വിജയത്തിലെത്തിച്ചിട്ട് കറിവേപ്പില പോലെ എടുത്തു കളയുന്നത് ശരിയല്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞശേഷം ഒരു എംപി തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് അത്ര നല്ല കാര്യമല്ല’, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ടി പി ബലറാം പറഞ്ഞു.
നേതൃത്വത്തിനെതിരെയുള്ള പോസ്റ്റര്‍ ഭീഷണിക്ക് പിന്നാലെയാണ് കൂട്ടരാജി ഭീഷണിയും ഉയരുന്നത്. മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്നാണ് ഇന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കാന്‍ സാദിഖലി തങ്ങളെ അധികാരപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതുവികാരം വിഡി സതീശന് അനുകൂലമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലീഗ്. മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ലീഗിന്റെ എംല്‍എമാരടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്.

