
പുതിയ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ പൊതു വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുതെന്നും മന്ത്രിതല ഇടപെടലുകള്‍ അനിവാര്യമായ സമയത്താണ് ഈ പ്രതിസന്ധിയെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് നിലവില്‍ പ്രതിസന്ധിയുണ്ട്. എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നതില്‍ ഉള്‍പ്പെടെ ആശയക്കുഴപ്പമുണ്ടായി. മന്ത്രിസഭ വരാത്തത് വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആശങ്ക പ്രകടിപ്പിച്ചത്.
മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ കാലങ്ങളില്‍ മുന്നോട്ട് പോയിരുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. വോട്ടെണ്ണല്‍ കഴിഞ്ഞ് ഇത്രയും കാലമായിട്ടും വകുപ്പിനെ നയിക്കാന്‍ ഒരാളില്ലാത്തത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പിന്നോട്ടടി നല്‍കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടായേ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയാണ് നിലവില്‍ സംജാതമായിരിക്കുന്നത്. സംസ്ഥാനത്ത് വോട്ടെണ്ണല്‍ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവില്‍ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകള്‍ അനിവാര്യമായ സമയമാണിത്.
എസ്എസ്എല്‍സി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനിന്നത്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയില്‍ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ മന്ത്രിയുടെ അഭാവം തടസമായി. അതുപോലെ തന്നെ, അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ അവതാളത്തിലായിരിക്കുകയാണ്.

